ഉത്തേജക മരുന്നുകൾ കണ്ടെത്താൻ പരിശോധന; 50 ജിമ്മുകളിൽ നിന്നും ഒന്നര ലക്ഷം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു.

തിരുവനന്തപുരം: ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബർ മാസത്തിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകൾ അനധികൃതമായി ഉപഭോക്താക്കൾക്ക് നൽകി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് പരിശോധന നടത്തിയത്. ഈ ജിമ്മുകൾക്കെതിരെ കേസെടുത്ത് കർശന നിയമനടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
     ജിമ്മുകളിൽ നിന്നും പിടിച്ചെടുത്ത മരുന്നുകളിൽ പല രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉൾപ്പെടും. തൃശൂരിലെ ഒരു ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം വകുപ്പിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പിടിച്ചെടുത്ത മരുന്നുകൾ എല്ലാം തന്നെ സ്റ്റിറോയ്ഡുകൾ അടങ്ങിയവയാണ്. ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം കഴിക്കേണ്ട മരുന്നുകളാണിവ. ഇത്തരം മരുന്നുകൾ അംഗീകൃത ഫാർമസികൾക്ക് മാത്രമേ വിൽക്കാൻ അധികാരമുള്ളൂ. ഇത്തരത്തിലുള്ള മരുന്നുകളുടെ ഉപയോഗം കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
         ജിമ്മുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. തൃശൂരിൽ ഇന്നും പരിശോധന നടന്നു. മന്ത്രിയുടെ നിർദ്ദേശ പ്രകാരം യുവജനങ്ങളിൽ ഇത്തരത്തിലുള്ള മരുന്നുകളുടെ ദൂഷ്യഫലങ്ങളെപ്പറ്റി ബോധവത്ക്കരണം നൽകാനായി അവബോധ ക്ലാസുകൾ നടത്താനും വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: