Headlines

തരൂരിനെ താഴെയിറക്കും,രാഹുലിനെ വിറപ്പിച്ചു; തൃശ്ശൂരിലും മാവേലിക്കരയിലും കൊടിപാറിക്കും; മത്സരിച്ച നാല് സീറ്റിൽ മൂന്നിടത്തും വിജയിക്കുമെന്ന് സിപിഐ വിലയിരുത്തൽ

കോട്ടയം: സംസ്ഥാനത്ത് പാർട്ടി മത്സരിച്ച നാലിൽ മൂന്ന് മണ്ഡലങ്ങളിലും വിജയിക്കുമെന്ന് സിപിഐ വിലയിരുത്തൽ. തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ, വയനാട് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിച്ചത്. ഇതിൽ വയനാട് ഒഴികെയുള്ള മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്ന് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയ റിവ്യൂ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, വയനാട്ടിൽ ഇക്കുറി രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ മത്സരമാണ് ആനിരാജ കാഴ്ച്ചവെച്ചതെന്നും സിപിഐ വിലയിരുത്തുന്നു.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കീഴിലാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം. ഇവിടെ ഇക്കുറി പന്ന്യൻ രവീന്ദ്രന് വിജയം ഉറപ്പെന്നാണ് ബൂത്ത് തലം മുതൽ നടന്ന തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലാ കൗൺസിൽ സംസ്ഥാന നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. തിരുവനന്തപുരത്ത് ബി.ജെ.പി.യും കോൺഗ്രസും ജനങ്ങളുടെ മനസ്സിലേക്ക് എത്തിയില്ലെന്നും സാധാരണക്കാർക്ക് സമീപിക്കാവുന്ന പന്ന്യൻ രവീന്ദ്രനെന്ന സ്ഥാനാർഥി അംഗീകാരം നേടിയെന്നുമാണ് കണക്കാക്കുന്നത്. അവസാനം കോൺഗ്രസ് പ്രവർത്തനം മങ്ങിപ്പോയെന്നും സിപിഐ വിലയിരുത്തുന്നു. എൻ.ഡി.എ വലിയ പണം ചെലവിട്ട് ആഡംബരം കാട്ടിയത് ഗുണമായില്ലെന്നുമാണ് സി.പി.ഐ വിലയിരുത്തൽ.

കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലാ കമ്മിറ്റികളുടെ പരിധിയിലാണ് മാവേലിക്കര ലോക്സഭാ മണ്ഡലമുള്ളത്. ഇടത് മുന്നണിക്ക് മുൻതൂക്കമുള്ള മണ്ഡലത്തിൽ ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ സിപിഐ സ്ഥാനാർത്ഥി സി എ അരുൺകുമാർ വിജയിക്കുമെന്നാണ് സിപിഐ വിലയിരുത്തൽ. യുവാവ് എന്ന നിലയിൽ അരുൺകുമാർ ജനങ്ങൾക്കിടയിൽ വലിയ മതിപ്പുണ്ടാക്കി. കോൺഗ്രസ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെതിരേ മണ്ഡലത്തിൽ വികാരമുണ്ടായിരുന്നു. എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പാർട്ടി മുന്നിലെത്തുമെന്നാണ് കണക്ക്.

തൃശ്ശൂർ ജില്ലാ കൗൺസിലിന്റെ കീഴിലാണ് തൃശ്ശൂർ ലോക്സഭാ മണ്ഡലം. തൃശ്ശൂരിൽ വി.എസ്. സുനിൽകുമാർ വലിയ ചലനമുണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തിയത്. നാട്ടുകാരൻ, മന്ത്രിയും എം.എൽ.എ.യുമായി നടത്തിയ പ്രവർത്തനങ്ങൾ എന്നീ ഘടകങ്ങളും മണ്ഡലത്തിന്റെ ഇടത് അടിത്തറയും ഗുണകരമായി. കെ. കരുണാകരനും കെ. മുരളീധരനും തൃശ്ശൂരിൽ സി.പി.ഐ തിരിച്ചടി നൽകിയ ചരിത്രമുണ്ട്.

മലപ്പുറം, വയനാട് ജില്ലാ കൗൺസിലുകളുടെ കീഴിലാണ് പരിധിയിലാണ് വയനാട് ലോക്സഭാ മണ്ഡലം. വയനാട്ടിൽ ആനി രാജയുടെ സാന്നിധ്യം രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കും. രാഹുലിന് മുൻ പ്രകടനം ആവർത്തിക്കാനായിട്ടില്ലെന്നും രാഷ്ട്രീയമായി രാഹുലിനെ ഇടതുമുന്നണി വിമർശിച്ചത് ഗുണംചെയ്‌തെന്നുമാണ് വിലയിരുത്തൽ.

ജില്ലാ നേതൃത്വങ്ങൾ നൽകിയ റിപ്പോർട്ട് പാർട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് മേയ് രണ്ടിന് പരിഗണിക്കും. തിരഞ്ഞെടുപ്പ് അവലോകനവും അന്നുണ്ടാകും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: