തിരുവനന്തപുരം: റഷ്യൻ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാക്കളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം ആക്കൽ കിഴക്കേക്കര പുത്തൻ വീട്ടിൽ മുഹമ്മദ് നാഫർ (21), വെളിനല്ലൂർ റോഡ് വിളയിൽ അജ്മൽ (20) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 11.30 യോടെ വർക്കല ഗസ്റ്റ് ഹൗസിന് സമീപത്താണ് റഷ്യക്കാരിക്ക് നേരെ അതിക്രമം നടന്നത്. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന 33 കാരിയായ യുവതിയെ പിന്തുടർന്ന് എത്തിയ യുവാക്കൾ ഹോൺ മുഴക്കി ശല്യം ചെയ്തു.
തുടർന്ന് വാഹനം നിർത്തിയപ്പോൾ യുവതിയെ കടന്ന് പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ബൈക്ക് നമ്പർ സഹിതം റഷ്യൻ യുവതി വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കൊല്ലത്ത് നിന്നും പിടിയിലായ പ്രതികളെ വർക്കല കോടതി റിമാൻഡ് ചെയ്തു. അതേസമയം, ബൈക്കില്‍ നടത്തുന്ന ലോക സഞ്ചാരത്തിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് വ്ളോഗറെ കൂട്ടബലാൽസംഗം ചെയ്ത സംഭവം രാജ്യമാകെ ചർച്ച ചെയ്യുന്ന സമയത്താണ് ഇത്തരമൊരു സംഭവം കേരളത്തിലുണ്ടായിട്ടുള്ളത്.
ജാർഖണ്ഡിലെ ദുംകയിലാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഏഴ് പേർ ചേർന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി പ്രതികരിച്ചത്. യുവതിയുടെ പങ്കാളിയെയും സംഘം ചേർന്ന് ആക്രമിച്ച് പരുക്കേൽപിക്കുകയും സാധനങ്ങൾ മോഷ്ടിക്കുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യൂട്യൂബിൽ 2 ലക്ഷം ഫോളോവേഴ്സുള്ള വ്ലോഗരാണ് ഇന്ത്യയിൽ വച്ച് പീഡിപ്പിക്കപ്പെട്ടത്.
5 വർഷമായി വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ശേഷമാണ് 28 കാരി ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിലാണ് ഇവർ പാകിസ്ഥാൻ വഴി ഇന്ത്യയിലെത്തിയത്. ആക്രമിക്കപ്പെട്ടതിന് പിന്നാലെ പട്രോളിംഗ് സംഘത്തിന്റെ സഹായം തേടിയ ഇവർ സംസാരിച്ചത് എന്താണെന്ന് പൂർണമായി മനസിലാകാതിരുന്ന പൊലീസ് ഇവരെ ആശുപത്രിയിലെത്തിച്ച ശേഷമാണ് നടന്നത് കൂട്ടബലാത്സംഗമാണെന്ന് തിരിച്ചറിയുന്നത്.

