Headlines

വ്യാപാരിയെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് 20 കോടിയിലേറെ വില വരുന്ന വജ്രാഭരണങ്ങൾ കവർന്ന കേസിലെ പ്രതികൾ പിടിയിലായി

ചെന്നൈ: വടപളനിയിൽ 20 കോടി രൂപയുടെ വജ്രങ്ങൾ മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്ന നാലംഗ സംഘം ടോൾ പ്ലാസ കടക്കാൻ ശ്രമിക്കുന്നതിനിടെ ശിവകാശിക്ക് സമീപം അറസ്റ്റിലായി. ചെന്നൈ പോലീസിന്റെ മുന്നറിയിപ്പിനെ തുടർന്ന് തൂത്തുക്കുടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വ്യാപാരിയെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് 20 കോടിയിലേറെ വില വരുന്ന വജ്രാഭരണങ്ങൾ കവരുകയായിരുന്നു ചെന്നൈ അണ്ണാനഗർ സ്വദേശിയായ ചന്ദ്രശേഖറിനെയാണ് വട പളനിയിലുള്ള ഹോട്ടലിൽ വിളിച്ചുവരുത്തി കെട്ടിയിട്ട് വജ്രാഭരണങ്ങൾ കവർന്നത്.

മറ്റൊരു വജ്ര വ്യാപാരിയായ ലണ്ടൻ രാജനേയും ഇയാളുടെ കൂട്ടാളിയേയും ഇടനിലക്കാരനായ രണ്ട് പേരേയും ശിവകാശിയിൽ നിന്നാണ് പിടികൂടിയത്. വജ്രം വാങ്ങാനെന്ന വ്യാജേന എത്തിയാണ് ഇവർ ചന്ദ്രശേഖരനിൽ നിന്നും കവർച്ച നടത്തിയത്. ഇരുവരുമുണ്ടാക്കിയ ധാരണപ്രകാരം ആഭരണങ്ങൾ കൈമാറാനും പണം വാങ്ങാനുമായിട്ടാണ് ചന്ദ്രശേഖർ മകൾ ജാനകിക്കൊപ്പം ഹോട്ടലിലെത്തിയത്.

ഇടപാടുകാർ പറഞ്ഞത് പ്രകാരം ചന്ദ്രശേഖർ മാത്രമാണ് ഹോട്ടൽ മുറിയിലേക്ക് വജ്രാഭരണവുമായി പോയത്. മുറിയിൽ കയറിയ ഉടൻ നാലു പേർ ചേർന്നു മർദിക്കുകയും കെട്ടിയിട്ടതിന് ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയുമായിരുന്നു. തുടർന്ന് ചന്ദ്രശേഖർ തിരികെ വരാൻ വൈകിയതോടെ മകൾ ഹോട്ടൽ മുറിയിൽ അന്വേഷിച്ച് ചെന്നപ്പോൾ ഇയാളെ മുറിയിൽകെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത വടപളനി പോലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്താൻ രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിരുന്നു. പിന്നീട് വിവരം എല്ലാ പോലീസ് സ്റ്റേഷനിലേക്കും കൈമാറി. തുടർന്ന് ശിവകാശിയിലെ ടോൾ പ്ലാസയ്ക്ക് സമീപം തൂത്തുക്കുടി പോലീസ് നടത്തിയ വാഹന പരിശോധനയിൽ പ്രതികൾ പിടിയിലാകുകയായിരുന്നു. അറസ്റ്റിലായ വ്യക്തികളെ കൂടുതൽ അന്വേഷണത്തിനായി ചെന്നൈയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: