ലഖ്നൗ: വീട്ടിൽ നോട്ടു കെട്ടുകൾ കണ്ടെത്തിയതിനെത്തുടർന്നു വിവാദത്തിലായ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്കു മാറ്റുന്നതിൽ പ്രതിഷേധിച്ച് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഹൈക്കോടതിയുടെ മൂന്നാം നമ്പർ ഗേറ്റിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അനിൽ തിവാരിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഈ പ്രതിഷേധം ഏതെങ്കിലും കോടതിക്കോ ജഡ്ജിക്കോ എതിരല്ല. മറിച്ച്, നീതിന്യായ വ്യവസ്ഥയെ വഞ്ചിച്ചവർക്ക് എതിരെയാണെന്ന് അനിൽ തിവാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“അഴിമതിയിൽ ഉൾപ്പെട്ടവർക്കും സുതാര്യതയില്ലാത്ത ഒരു സംവിധാനത്തിനും എതിരെയാണ് ഞങ്ങളുടെ പോരാട്ടം. സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കുകയും പിൻവലിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ആവശ്യം. വിഷയത്തിൽ അസോസിയേഷൻ സമഗ്ര പോരാട്ടത്തിന് തയ്യാറാണ്. തുടക്കം മുതൽ തന്നെ ഈ വിഷയം മൂടിവെക്കാൻ ശ്രമം നടന്നിട്ടുണ്ട്. ഇന്ന് ഇന്ത്യയിലുടനീളമുള്ള അഭിഭാഷകർ ഈ പോരാട്ടത്തിലുണ്ട്. പരിഹാരം കാണുന്നതുവരെ അനന്തരഫലങ്ങൾ എന്തായാലും ഞങ്ങൾ ജോലി പുനരാരംഭിക്കുകയില്ല”,അനിൽ തിവാരി പറഞ്ഞു.
ഔദ്യോഗിക വസതിയിൽ നിന്ന് വൻ തോതിൽ പണം കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണം നേരിടുന്ന ജസ്റ്റിസ് വർമയെ അലഹബാദ് ഹൈക്കോടതിയിലേയ്ക്ക് സ്ഥലം മാറ്റാൻ ഇന്നലെയാണ് സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചത്. ജസ്റ്റിസ് വർമയുടെ വസതിയിൽ മാർച്ച് 14ന് വൈകിട്ട് മൂന്ന് മണിയോടെയുണ്ടായ തീപിടിത്തത്തെത്തുടർന്നാണ് പണം കണ്ടെത്തിയത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണക്കുന്നതിനിടെയാണ് വൻതോതിൽ പണം കണ്ടെത്തിയത്. എന്നാൽ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയെന്ന ആരോപണം തന്നെ കുടുക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ഗൂഢാലോചനയാണെന്നാണ് ജഡ്ജി യശ്വന്ത് വർമയുടെ പ്രതികരണം