കോഴിക്കോട്: ബൈക്ക് ടിപ്പര്‍ ലോറിക്കടിയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. കളന്തോട് സ്വദേശി തത്തമ്മപ്പറമ്പില്‍ വേലായുധന്റെ ഭാര്യ മാധവി (60) ആണ് മരിച്ചത്. ഭർത്താവ് വേലായുധനോടൊപ്പം യാത്ര ചെയ്യവേ ആയിരുന്നു അപകടം. ഇദ്ദേഹത്തെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചോടെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കം അഗസ്ത്യന്‍മുഴിയിലാണ് ദാരുണമായ സംഭവം നടന്നത്.
മാധവിയുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. റോഡില്‍ ഗതാഗത തടസ്സം ഉണ്ടായിരുന്നു. ഇതിനിടയല്‍ ടിപ്പർ ലോറിയുടെ അരികിലൂടെ പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇരുവരും സഞ്ചരിച്ച ബൈക്ക് മറിയുകയായിരുന്നു. മാധവിയുടെ തലയിലൂടെ ടിപ്പറിന്റെ ടയറുകള്‍ കയറിയിറങ്ങി. ഓടിക്കൂടിയ സമീപത്തുണ്ടായിരുന്നവര്‍ വേലായുധനെ ആശുപത്രിയിലേക്ക് മാറ്റി. മുക്കം അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി.

