കടയ്ക്കൽ : കൊല്ലം കടയ്ക്കലിൽ അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. അമ്മയെ മർദിച്ചതിലുള്ള പ്രതികാരത്തിനാണ് ക്വട്ടേഷൻ നൽകിയതെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകി.
വർക്കല അയിരൂർ സ്വദേശിയായ ജോസിനെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്‌തു. ഈ മാസം ഏഴിനാണ് കടയ്ക്കൽ സ്വദേശി ജോയിയെ വീട്ടിൽ കയറി മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ചത്. പിന്നീട് അക്രമി സംഘം കാറിൽ രക്ഷപ്പെട്ടു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജോയിയുടെ സഹോദരൻ ജോസാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തി.
ജോയ് സ്ഥിരമായി അമ്മയെ മർദിക്കാറുണ്ടായിരുന്നു. അതിന്റെ വൈരാഗ്യത്തില്‍ ജോസ് മൂന്നംഗ സംഘത്തിന് സഹോദരനെ മർദിക്കാൻ ക്വട്ടേഷൻ നൽകുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

