ഗുവഹാത്തി: അസമിൽ ബസും ട്രക്കും കൂട്ടിയിടിച്ച് പതിനാലുപേർ മരിച്ചു. 27 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ അഞ്ചുമണിയോടെ ഡെർഗാവിലാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ അഞ്ച് സ്ത്രീകളും ഒരു ചെറിയ കുട്ടിയും ഉൾപ്പെടുന്നു.
45 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അത്ഖേലിയിൽ നിന്ന് ബാലിജനിലേക്ക് പോയ ക്ഷേത്രദർശനത്തിനായി പോയ ബസ് ആണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. വാഹനാപകടത്തില്‍ ഉണ്ടായ ജീവഹാനിയില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതവും സഹായധനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
അസമിലെ ഗോലാഘട്ടില്‍ നടന്ന വാഹനാപകടത്തില്‍ ഉണ്ടായ ജീവഹാനിയില്‍ അത്യന്തം വേദനയുണ്ട്. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അനുശോചനം അറിയിച്ചുകൊള്ളുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി എക്‌സിലെ പോസ്റ്റില്‍ കുറിച്ചു.
പുലർച്ചെ മൂന്ന് മണിയോടെ യാത്ര ആരംഭിച്ച സംഘം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനിടെയാണ് മാർഗരിറ്റിയിൽ നിന്ന് വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചത്. രണ്ട് വാഹനത്തിലെയും ഡ്രൈവർമാർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതമായി പരിക്കേറ്റവരെ ജോർഹാട്ട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അമിതവേഗത്തിലെത്തിയ ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
