Headlines

കരുത്തുറ്റ കാനത്തിന് കണ്ണീരോടെ വിടനൽകി തലസ്ഥാനം; വിലാപയാത്ര കോട്ടയത്തേക്ക്

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നൽകി തലസ്ഥാനം. തിരുവനന്തപുരം പട്ടം സിപിഐ ഓഫീസിലെ പൊതുദർശനം പൂർത്തിയായ ശേഷം രണ്ടേകാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്. ആയിരങ്ങളാണ് പ്രിയ നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാനായി തലസ്ഥാനത്തേക്ക് എത്തിയത്. 

സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെ കെ ശൈലജ, പി കെ ശ്രീമതി,  എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, എം വിജയകുമാർ,  മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, ചിഞ്ചുറാണി, പി പ്രസാദ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, പ്രകാശ് ബാബു, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.  

തിരുവനന്തപുരം ജില്ലയിൽ മണ്ണന്തല, വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, വെഞ്ഞാറമ്മൂട്, കാരേറ്റ്, കിളിമാനൂർ എന്നിവിടങ്ങളിൽ വിലാപയാത്രയിൽ അന്ത്യോപചാരം അർപ്പിക്കാൻ അവസരമുണ്ടായിരുന്നു. വഴിയരികിൽ നൂറു കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിന്നത്. വിലാപയാത്ര തിരുവനന്തപുരം ജില്ല പിന്നിട്ട് ഇപ്പോൾ കൊല്ലം ജില്ലയിലാണ്.

സംസ്കാരം നാളെ രാവിലെ 11ന് കോട്ടയം കാനത്തുള്ള വീട്ടുവളപ്പില്‍ നടക്കും. സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ ഓഫിസിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് മൃതദേഹം സ്വവസതിയിലേക്ക് കൊണ്ടുപോവും.

കെഎസ്ആര്‍ടിസിയുടെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോവുക. ഡി രാജ അടക്കമുള്ള കേന്ദ്ര- സംസ്ഥാന നേതാക്കളും മന്ത്രിമാരും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു കാനത്തിന്റെ അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാൻ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നൽകിയിരുന്നു. പിന്നാലെയാണ് മരണം.

ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നതുമൂലം അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നു. 2015 മുതലാണ്‌ സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്നത്‌. തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടു. 

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: