ആലപ്പുഴ: കണ്ണൂര്‍ ജില്ലയും കോഴിക്കോടും മലപ്പുറവും എല്ലാ കടന്ന് ആലപ്പുഴയിൽ എഴുപുന്നയിൽ എത്തിയപ്പോഴാണ് യുവാവും കാറും പിടിയിലാകുന്നത്. പരിശോധനകളെല്ലാം മറികടന്നെത്തിയെങ്കിലും, എഴുപുന്നയിൽ വച്ച് കാറിൽ കടത്തിക്കൊണ്ട് വന്ന 81 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ലിബിൻ ഗിൽബർട്ടി (37)നെയാണ് അറസ്റ്റ് ചെയ്തത്.
500 മില്ലി ലിറ്ററിന്റെ 162 കുപ്പികളിലായാണ് ഇയാൾ കാറിൽ മദ്യം വാങ്ങി സൂക്ഷിച്ചിരുന്നത്. മാഹിയിൽ നിന്നും വില കുറഞ്ഞ മദ്യം വാങ്ങി വിവിധ ആളുകളിൽ നിന്നും ഓർഡറുകൾ സ്വീകരിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങിപ്പോകും വഴി കൂടിയ വിലയ്ക്ക് വിൽക്കുകയായിരുന്നു പതിവ്. പലയിടത്തുള്ള പരിശോധനകലിൽ നിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്ന ഇയാൾ അപ്രതീക്ഷിതമായി ആലപ്പുഴയിൽ എക്സൈസിന്റെ പിടിയിലാവുകയായിരുന്നു.
കുത്തിയതോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഗിരീഷ്.പി.സി യുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സബിനേഷ് ജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ ജോസഫ്, വിഷ്ണുദാസ്, വിപിൻ, ഉമേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ വിധു എന്നിവരും പങ്കെടുത്തു.
അതേസമയം, കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിജിൽ കുമാറിൻ്റെ നേതൃത്വത്തിൽ പാനൂർ-പാറാട് ഭാഗത്ത് അതിഥി തൊഴിലാളികളുടെ ക്വാർട്ടേർസിൽ നടത്തിയ റെയ്‌ഡിൽ 2.188 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പശ്ചിമ ബംഗാൾ സ്വദേശികളായ അനറുൽ മൊല്ല (37 വയസ്), റഹ്മാൻ മൊല്ല (36 വയസ്) എന്നിവരെ അറസ്റ്റ് ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബഷീർ പിലാട്ട്, പ്രിവന്റീവ് ഓഫീസർ പ്രഭാകരൻ.പി.കെ, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ അജേഷ്.പി, ഷാജി അളോക്കൻ, റോഷിത്ത്.പി, ജലീഷ്.പി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രനിൽ കുമാർ, ശജേഷ്, ആദർശ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സോൾ ദേവ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
