തട്ടിപ്പ് കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനുമുള്ള സഞ്ചാര്‍ സാഥി സേവനം കൂടുതല്‍ സുഗമമാക്കാന്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര ടെലികോം വകുപ്പ്. നിലവില്‍ വെബ്‌സൈറ്റ് വഴി ഈ സേവനം ഉപയോഗിക്കുമ്പോഴുള്ള പല നടപടിക്രമങ്ങളും ആപ്പില്‍ ആവശ്യമില്ല. വെബ് പോര്‍ട്ടലില്‍ ഒടിപി വെരിഫിക്കേഷന്‍ ആവശ്യമാണ്. എന്നാല്‍ ആപ്പില്‍ ഇതിന്റെ ആവശ്യമില്ല. ആപ് സ്റ്റോറുകൡ സഞ്ചാര്‍ സാഥി എന്ന് തിരഞ്ഞ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഫോണ്‍ നമ്പറുകള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം.
നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും മൊബൈല്‍ കണക്ഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ പരാതി രജിസ്റ്റര്‍ ചെയ്യാനും സഞ്ചാര്‍ സാഥി ആപ്പ് വഴി ഇനി സാധിക്കും. സഞ്ചാര്‍ സാഥിയുടെ വെബ്‌സൈറ്റ് മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. എന്നാൽ ഇപ്പോള്‍ ആപ്ലിക്കേഷനും പുറത്തിറങ്ങിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടാലോ, ആരെങ്കിലും മോഷ്‌ടിച്ചാലോ ഹാന്‍ഡ്‌സെറ്റ് ബ്ലോക്ക് ചെയ്യാന്‍ സഞ്ചാര്‍ സാഥി വഴി കഴിയും. ഇത്തരത്തില്‍ ബ്ലോക്ക് ചെയ്ത ഡിവൈസുകള്‍ പിന്നീട് അണ്‍ബ്ലോക്ക് ചെയ്യാനും സാധിക്കും. നിങ്ങളുടെ പേരിലുള്ള മൊബൈല്‍ സിം കണക്ഷനുകളെ കുറിച്ചറിയാനുള്ള ഓപ്ഷനുമുണ്ട്. മറ്റാരെങ്കിലും നിങ്ങളുടെ പേരില്‍ സിം എടുത്തിട്ടുണ്ടോ എന്ന് അറിയാനും അത് ബ്ലോക്ക് ചെയ്യാനും കഴിയും. സൈബര്‍ തട്ടിപ്പ് സംശയിക്കുന്ന കോളുകളും മെസേജുകളും (സ്പാം) റിപ്പോര്‍ട്ട് ചെയ്യാനുള്ള ‘ചക്ഷു’ ഓപ്ഷനും സഞ്ചാര്‍ സാഥിയിലുണ്ട്.
