ന്യൂഡൽഹി: വഖഫ് ഇസ്ലാം മതത്തിന്റെ അനിവാര്യത അല്ലെന്നും വഖഫ് മൗലിക അവകാശമല്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. വഖഫ് നിയമ ഭേദഗതി സ്റ്റേ ചെയ്യണം എന്ന ആവശ്യമുന്നയിച്ച് സമർപ്പിക്കപ്പെട്ട ഹർജികളിൽ വാദം നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. വഖഫ് ബോർഡിന് മതപരമായ സ്വഭാവമില്ലെന്നും വഖഫ് ബോർഡ് ഒരു മതപരമായ ചടങ്ങുകളുടെയും ഭാഗമാകുന്നില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്.
വഖഫ് ബോർഡുകളിലെ അമുസ്‍ലിം അംഗങ്ങളുടെ പ്രാതിനിധ്യത്തിലും കേന്ദ്ര സർക്കാർ നിയമ ഭേദഗതിയിലെ നിർദേശങ്ങൾ ആവർത്തിച്ചു. 22 അംഗ സെൻട്രൽ കൗൺസിൽ നാല് അമുസ്ലിങ്ങൾ മാത്രമാണുള്ളതെന്നും 11 അംഗ വഖ്ഫ് ബോർഡിൽ മൂന്ന് അമുസ്ലിങ്ങൾ മാത്രമായിരിക്കും ഉള്ളതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കാരുണ്യ പ്രവർത്തനങ്ങൾ ഒരു മതത്തിന്റെ ഭാഗമാണ്. എന്നാൽ അത് അത്യന്താപേക്ഷിതമായ ഒരു കാര്യമല്ല. അതിനാൽ വഖഫ് ആനിവാര്യമായ ഒന്നാണെന്ന് വാദിക്കാനാകില്ലെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്.
സ്വത്തുക്കളുടെ കാര്യത്തിൽ മതാടിസ്ഥാനത്തിൽ അല്ല തീരുമാനം എടുക്കേണ്ടത്. രാജ്യത്ത് നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്വത്തുക്കൾ പരിപാലിക്കുന്നതെന്നും കേന്ദ്രം വാദിച്ചു. വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കുന്നുവെന്ന് വ്യാജമായ പ്രചാരണമാണ് നടക്കുന്നതെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
