ചെന്നൈ: ചെന്നൈ ഹസ്തിനപുരത്ത് ജീർണിച്ച അവസ്ഥയിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. അപ്പാർട്ട്മെൻ്റിനുള്ളിലാണ് ഗണേഷ് (57), മാലിനി (54) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികൾക്ക് കുട്ടികളില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. മൂന്ന് ദിവസം മുമ്പ് മരണം സംഭവിച്ചിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു.
ഏതാനും വർഷം മുമ്പ് ഒരു അപകടത്തെ തുടർന്ന് മാലിനി കിടപ്പിലായി. പ്രമേഹരോഗവും രക്തസമ്മർദ്ദവും മൂലം രോഗിയായിരുന്ന ഗണേഷാണ് പിന്നീട് ഭാര്യയെ ശുശ്രൂഷിച്ചിരുന്നതും വീട്ടിലെ ജോലികൾ ചെയ്തിരുന്നതും. സഹായത്തിന് ജോലിക്കാരോ മറ്റാരെങ്കിലുമോ ഉണ്ടായിരുന്നില്ല. അപ്പാർട്ട്മെൻ്റ് കോംപ്ലക്സിലെ മറ്റ് താമസക്കാരും ഇവർ വളരെ കുറച്ച് മാത്രമേ ഇടപെട്ടിരുന്നുള്ളൂ എന്ന് അയൽക്കാർ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച അപ്പാർട്ട്മെൻ്റിൽ നിന്ന് താഴേക്ക് വരുമ്പോൾ കുഴഞ്ഞുവീണ ഗണേഷിനെ അയൽക്കാർ സഹായിക്കുകയും വീട്ടിൽ കൊണ്ടാക്കുകയും ചെയ്തു. പിന്നീട് ആരും ഇവരെ കണ്ടിരുന്നില്ല.
കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചപ്പോൾ അയൽക്കാർ ചിറ്റ്‌ലപാക്കം പോലീസിൽ വിവരം അറിയിച്ചു. പൊലീസ് വീടിൻ്റെ വാതിൽ തകർത്താണ് അകത്ത് കയറിയത്. കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു ഗണേഷിൻ്റെ മൃതദേഹം. കിടപ്പുമുറിയിൽ ബെഡിന് താഴെ നിലത്ത് കിടക്കുകയായിരുന്നു മാലിനിയുടെ ശരീരം.
മുംബൈ സ്വദേശികളായ ഇവർ 2009 വിവാഹിതരാവുകയും തുടർന്ന് ചെന്നൈയിൽ വന്ന് താമസിക്കുകയുമായിരുന്നു. ഗണേഷ് ഹൃദയാഘാതം മൂലം മരിച്ചതാവാമെന്നും സഹായം തേടാനുള്ള ശ്രമത്തിനിടെ മാലിനി ബെഡിൽ നിന്ന് വീണിട്ടുണ്ടാവും എന്നാണ് നിഗമനം.
