ഡൽഹി: പ്രമുഖ മ്യൂസിക് ലേബലായ സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിൽ നിന്ന് സംഗീത സംവിധായകൻ ഇളയരാജയെ വിലക്കി ഡൽഹി ഹൈക്കോടതി. സരിഗമ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ആമസോൺ മ്യൂസിക്, ഐട്യൂൺസ്, ജിയോസാവ്ൻ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇളയരാജ സ്വന്തം പേരിൽ ഗാനങ്ങൾ അപ്‌ലോഡ് ചെയ്തതാണ് നിയമനടപടിക്ക് കാരണം.
ഇളയരാജയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ 134 സിനിമകളിലെ ഗാനങ്ങൾ ഉപയോഗിക്കാനോ മൂന്നാം കക്ഷികൾക്ക് ലൈസൻസ് നൽകാനോ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. ഈ ഗാനങ്ങളുടെ പകർപ്പവകാശം തങ്ങൾക്കാണെന്ന സരിഗമയുടെ വാദം കോടതി പ്രാഥമികമായി അംഗീകരിച്ചു.
1976-നും 2001-നും ഇടയിൽ സിനിമാ നിർമ്മാതാക്കളുമായി ഒപ്പിട്ട കരാറുകൾ പ്രകാരം വിവിധ ഇന്ത്യൻ ഭാഷകളിലെ നിരവധി സംഗീത രചനകളുടെ പകർപ്പവകാശം തങ്ങൾക്കാണെന്ന സരിഗമയുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതി സരിഗമയ്ക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്. പകർപ്പവകാശ നിയമപ്രകാരം, മറ്റു കരാറുകൾ ഇല്ലാത്ത പക്ഷം സിനിമാ നിർമാതാക്കളാണ് സംഗീത രചനകളുടെ ആദ്യ ഉടമകൾ. ഇളയരാജയുടെ നടപടികൾ പകർപ്പവകാശ ലംഘനമാണെന്നും സരിഗമ വാദിച്ചു.
സരിഗമയുടെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഈ ഗാനങ്ങൾ ഉപയോഗിക്കുന്നത് തുടരുന്നത് പണം കൊണ്ട് പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാക്കുമെന്ന് വ്യക്തമാക്കി. 30 ദിവസത്തിനുള്ളിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഇളയരാജയോട് നിർദ്ദേശിച്ചു. കേസ് വീണ്ടും ഏപ്രിൽ 2-ന് പരിഗണിക്കും.

