കായംകുളം: വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ 17കാരി ക്ഷേത്രക്കുളത്തിൽ ചാടി മരിച്ചു. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ ഭിന്നശേഷിക്കാരായ വിജയൻ – രാധിക ദമ്പതികളുടെ മകൾ വിഷ്ണു പ്രിയ(17) യാണ് മരിച്ചത്.
എരുവ ക്ഷേത്രക്കുളത്തിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ആളുകൾ നോക്കി നിൽക്കെയായിരുന്നു പെൺകുട്ടി ക്ഷേത്രക്കുളത്തിൽ ചാടിയത്. ഉടൻ നാട്ടുകാർ പുറത്തെടുത്ത് കായംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുളക്കടവിൽ നിന്നും പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. അതിൽ മാതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായി എഴുതിയിരുന്നു. അഞ്ചാം ക്ലാസുകാരനായ ശിവപ്രിയനാണ് മരിച്ച വിഷ്ണുപ്രിയയുടെ ഏക സഹോദരൻ.