കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ചു. മുക്കം തോട്ടത്തിന്‍കടവ് കല്‍പുഴായില്‍ പുല്‍പറമ്പില്‍ പ്രജീഷാണ് ഒരു സംഘം ആളുകളുടെ ക്രൂര മർദ്ദനത്തിനിരയായത്. ഇതെത്തുടർന്ന് ഗുരുതരാവസ്ഥയിലായ പ്രജീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രജീഷ് ഇപ്പോഴും അബോധാവസ്ഥയില്‍ തന്നെ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ രാത്രി 10.15 ഓടെയാണ് ആക്രമണമുണ്ടായത്. പ്രജീഷ് വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് മൃതപ്രായനായ പ്രജീഷിനെ കണ്ടത്. അപ്പോഴേക്കും അക്രമികള്‍ എത്തിയ വാഹനത്തില്‍ കയറി കടന്നുകളഞ്ഞിരുന്നു. തലക്കും മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും ക്രൂരമായ മര്‍ദ്ദനം ഏറ്റിട്ടുണ്ട്. ഇയാളെ ആദ്യം മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സുഹൃത്തിന്റെ ഭാര്യയുടെ ബന്ധുക്കള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ മുക്കം പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
