Headlines

ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം: ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആരോഗ്യ വകുപ്പ്. ആരോപണം വ്യാജമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം വേണമെന്ന് ആരോഗ്യ വകുപ്പ് നിലപാടെടുത്തത്. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടർ ഡിജിപിക്ക് രേഖാമൂലം പരാതി നൽകി.


മേമല സ്വദേശി വസന്തയ്ക്ക് തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും ലഭിച്ച ഗുളികയിൽ മെട്ടുസൂചി ലഭിച്ചെന്നായിരുന്നു ആരോപണം. ശ്വാസംമുട്ടലിന് ചികിത്സ തേടിയ വസന്തക്ക് സി-മോക്സ് ക്യാപ്സ്യൂളാണ് ആശുപത്രി ഫാർമസിയിൽ നിന്നും നൽകിയത്. ഇതിനുള്ളിൽ മൊട്ടുസൂചിയെന്നായിരുന്നു ആരോപണം. സമുഹമാധ്യമങ്ങളിൽ വീഡിയോ അടക്കം പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പരാതി വ്യാജമെന്നാണ് ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതോടെയാണ് സർക്കാർ മരുന്ന് വിതരണ സംവിധാനത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണോ വിവാദത്തിന് പിന്നിലെന്ന സംശയം ഉയർന്നത്.

വകുപ്പ് നടത്തിയ തെളിവെടുപ്പിലും പരിശോധനയിലും പരാതിയിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയത് .പരാതിക്കാരിയുടെ കൈവശമുണ്ടായിരുന്ന ബാക്കിയുള്ള ഗുളികകളിലോ, മറ്റ് സ്റ്റോക്കിലോ പ്രശ്നമൊന്നും കണ്ടെത്തിയിരുന്നില്ല. ആദ്യം കഴിച്ച ഗുളികളിലും മൊട്ടു സൂചിയുണ്ടായിരുന്നോ എന്ന സംശയം പരാതിക്കാരി ഉന്നയിച്ചെങ്കിലും എക്സേറെ പരിശോധനയിലും അപാകത ഒന്നും കണ്ടെത്തിയിരുന്നില്ല. ഇതോടെയാണ് സംഭവത്തിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന സംശയമുയർന്നത്.

മരുന്ന് കമ്പനിയിൽ നിന്ന് കെഎംഎസ്‍സിഎൽ വഴി ശേഖരിച്ച ഗുളികയാണ് ആശുപത്രി ഫാർമസിയിലൂടെ വിതരണം ചെയ്തത്. സർക്കാർ മരുന്ന് വിതരണ സംവിധാനത്തെ മോശമാക്കി ചിത്രീകരിക്കാൻ ബോധപൂർവം ശ്രമുണ്ടായിട്ടുണ്ടോ എന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. സംസ്ഥാനത്ത് കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്ക് മരുന്നുകൾ ഫാർമസി വഴി നൽകുന്നത് അടുത്തിടെ കർശനമായി നിരോധിച്ചിരുന്നു. നടപടിയും ശക്തമാക്കിയിരുന്നു.

ആന്റി ബയോട്ടിക്ക് മരുന്ന് വിൽപന സംസ്ഥാനത്ത് കുത്തനെ കുറഞ്ഞെന്ന കണക്കും പുറത്തുവന്നിരുന്നു. കച്ചവടം കുറഞ്ഞതോടെ സ്വകാര്യ മരുന്ന് കമ്പനികളുടെ ലോബി, പൊതുസംവിധാനത്തെ തകർക്കാൻ ശ്രമിക്കുകയാണോ എന്ന സംശയമാണ് ആരോഗ്യവകുപ്പിനുള്ളത്. ശക്തമായ അന്വേഷണം ആവശ്യപ്പട്ടാണ് ഡിഎച്ച്എസ് രേഖാമൂലം ഡിജിപിയെ പരാതി അറിയിച്ചത്.നേരത്തെ മെയ്ൽ വഴിയും വിവരം കൈമാറിയിരുന്നു. ഇതിനകം തന്നെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: