കൊച്ചി : മുത്തശ്ശിയുടെ രണ്ടാം ഭർത്താവ് ലൈംഗികാതിക്രമത്തിനിരയാക്കിയ പതിനേഴുകാരിക്ക് പോക്സോ നിയമപ്രകാരം സഹായിയെ നിയോഗിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം ശിശുക്ഷേമ സമിതിക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. പെൺകുട്ടിയുടെ പഠനം മുടങ്ങാതെ നോക്കണമെന്നും, പെൺകുട്ടി സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും അത് സഹായിയുടെ ചുമതലയാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഒപ്പം സ്കൂൾ അധികൃതരും ഇക്കാര്യം ഉറപ്പാക്കണം.
കുട്ടിക്ക് നഷ്ടപരിഹാരം ലഭിക്കാൻ രണ്ടാഴ്ച്ചയ്ക്കുള്ളിൽ ബന്ധപ്പെട്ട അധികൃതർ ഉത്തരവിടണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അമ്മ മരിക്കുകയും അച്ഛൻ ഉപേക്ഷിക്കുകയും ചെയ്ത പെൺകുട്ടിക്ക് ആശ്രയം മുത്തശ്ശിയും അവരുടെ രണ്ടാംഭർത്താവായിരുന്നു. ഇവരോടൊപ്പം താമസിച്ച പെൺകുട്ടിയെ മുത്തശ്ശിയുടെ രണ്ടാം ഭർത്താവ് ആറാംക്ലാസ് മുതൽ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. എന്നാൽ ഭയം മൂലം പെൺകുട്ടി പീഡനവിവരം ആരോടും പറഞ്ഞിരുന്നില്ല.
എന്നാൽ നിരന്തര ചൂഷണം മടുത്ത പെൺകുട്ടി ഗത്യന്തരമില്ലാതെ പീഢനവിവരം പൊലീസിനോട് പറയുകയായിരുന്നു. ഇതേ തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി ജാമ്യാപേക്ഷ ൻൽകിയപ്പോഴാണ് ഹൈക്കോടതി ഈ വിഷയത്തിൽ ഇടപെടുന്നത്. തെറ്റിദ്ധാരണ കാരണമാണ് പെൺകുട്ടി പരാതി ഉന്നയിച്ചതെന്നും ഇപ്പോൾ പരാതിയില്ലെന്നും ആണ് പെൺകുട്ടിയുടെ മുത്തശ്ശി പറയുന്നത്. എന്നാൽ നിജസ്ഥിതി അറിയാനായി അഡ്വ പാർവ്വതിമേനോനെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ മുത്തശ്ശിയുടെ സത്യവാങ് മൂലത്തിലെ കാര്യങ്ങൾ കുട്ടി നിഷേധിച്ചില്ല. മുത്തശ്ശിയും കുട്ടിയും ജീവിക്കാനായി ഹർജിക്കാരനെയാണ് ആശ്രയിക്കുന്നതെന്നും കോടതി കണ്ടെത്തി . തുടർന്ന് പ്രതിക്ക് കോടതി ജാമ്യം നൽകുകയായിരുന്നു. എന്നാൽ കുട്ടിക്ക് ഇനി മാനസിക സമ്മർദ്ദമുണ്ടാകരുതെന്ന് ഉറപ്പാക്കാൻ സഹായിയെ നിയോഗിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി.
