ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വീടിന് തീപിടിച്ച് ഒരുകുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേര്‍ന്ന് ഒരു സ്ത്രീയെയും കുട്ടിയെയും രക്ഷപ്പെടുത്തി. മൂന്ന് നിലകളുള്ള വീടിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. മുറിക്കകത്ത് സൂക്ഷിച്ച രാസവസ്തുക്കളും ഫോം ഷീറ്റുകളുമാണ് തീപടര്‍ന്ന് പിടിക്കാന്‍ കാരണണമായതെന്നാണ് പൊലീസ് പറയുന്നത്.
മുകളിലത്തെ നിലയിലേക്കും തീ ആളിപ്പടര്‍ന്നതോടെയാണ് അപകടം ഉണ്ടായത്. മുകളിൽ താമസിക്കുന്നവര്‍ മുറിക്കകത്ത് കുടുങ്ങിയതോടെയാണ് അഞ്ച് പേര്‍ വെന്തുമരിച്ചത്. വീടിനകത്തുനിന്ന് കത്തിക്കരിഞ്ഞ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
സെയ്ഫുള്‍ റഹ്മാന്‍(35), ഭാര്യ നസീറ (32) ഏഴുവയസുകാരിയായ മകള്‍ ഇസ്ര, ഏഴ് മാസം പ്രായമായ ഫായിസും ബന്ധുവായ ഫര്‍ഹീനുമാണ് മരിച്ചത്. പരിക്കേറ്റവരെ ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

