Headlines

വധുവിന് വീട്ടുകാര്‍ സമ്മാനിക്കുന്ന സ്വത്തുക്കളിൽ ഭര്‍ത്താവിന് അവകാശമില്ല

വിവാഹസമയത്ത് ഭാര്യയ്ക്ക് അവരുടെ വീട്ടുകാര്‍ നല്‍കുന്ന സമ്പത്തില്‍ ഭര്‍ത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാല്‍ അത് തിരിച്ചുനല്‍കാന്‍ അയാള്‍ക്ക് ധാര്‍മിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. മലയാളി ദമ്പതിമാരുടെ കേസ് പരിഗണിച്ചാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ഉത്തരവ്.

വിവാഹസമയത്ത് വീട്ടുകാര്‍ സമ്മാനമായി നല്‍കിയ 89 പവന്‍ സ്വര്‍ണം ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ദുരുപയോഗം ചെയ്തുവെന്ന് കാട്ടിയാണ് യുവതി നിയമനടപടി ആരംഭിച്ചത്. വിവാഹത്തിന് ശേഷം തന്റെ പിതാവ് ഭര്‍ത്താവിന് രണ്ട് ലക്ഷം രൂപയും നല്‍കിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. വിവാഹം കഴിഞ്ഞ് ആദ്യ രാത്രി തന്നെ ഭര്‍ത്താവ് ആഭരണങ്ങള്‍ ഊരിവാങ്ങി സുരക്ഷിതത്വത്തിന്റെ പേരില്‍ ഭര്‍തൃമാതാവിനെ ഏല്‍പിക്കുകയായിരുന്നു.


തുടര്‍ന്ന്, മുന്‍കാല സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ തന്റെ സ്വര്‍ണം ഇവര്‍ ദുരുപയോഗം ചെയ്തതായും യുവതി പറയുന്നു. 2011ല്‍ കുടുംബകോടതി ഭര്‍ത്താവും അമ്മയും ചേര്‍ന്ന് പരാതിക്കാരിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നും ഈ നഷ്ടം ഭര്‍തൃവീട്ടുകാര്‍ നികത്തണമെന്നും വിധിച്ചു. എന്നാല്‍, കേസ് കേരള ഹൈക്കോടതിയില്‍ എത്തിയതോടെ കുടുംബകോടതിയുടെ ഈ ഇളവ് റദ്ദാക്കുകയായിരുന്നു. ഭര്‍ത്താവും അമ്മയും ചേര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ ദുരുപയോഗം ചെയ്തതായി സ്ഥാപിക്കാന്‍ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കുടുംബകോടതി ഉത്തരവ് റദ്ദാക്കിയത്.


തുടര്‍ന്ന്, ഹൈക്കോടതി ഉത്തരവിനെതിരെ യുവതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ‘സ്ത്രീധന സ്വത്ത്’ ഭര്‍ത്താവിന്റെയും ഭാര്യയുടെയും സംയുക്ത സ്വത്തായി മാറില്ലെന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ഭര്‍ത്താവിന് ഉടമസ്ഥനെന്ന നിലയില്‍ സ്വത്തിന്മേല്‍ അവകാശമോ സ്വതന്ത്രമായ ആധിപത്യമോ ഇല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: