സ്റ്റേഷനിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം; 2 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ





മലപ്പുറം: പോലീസ് കസ്റ്റഡിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആന്റസ് വിൽസൺ, ടിപി ഷംസീർ എന്നീ ഉദ്യോഗസ്ഥരെയാണ് നടപടി. പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി (36) ആണ് സ്റ്റേഷനിൽ കുഴഞ്ഞ് വീണത്. ഉടൻ തന്നെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. യുവാവിന് പൊലീസിന്റെ മർദനമേറ്റിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

മൊയ്തീൻകുട്ടിയെ പൊലീസ് മർദിച്ചതാണ് മരണ കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. അതേസമയം, ആരോപണം നിഷേധിച്ച് പൊലീസ് രംഗത്തെത്തി. ഒരു കാരണവശാലും മർദിച്ചിട്ടില്ലെന്ന് പാണ്ടിക്കാട് പൊലീസ് പറ‍ഞ്ഞു. കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തത്. അത് ചോദിച്ചറിയുക മാത്രമാണുണ്ടായത്. എന്നാൽ ചോദ്യം ചെയ്യാൻ തുടങ്ങിയ ഉടൻ തന്നെ മൊയ്തീൻ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നുവെന്നും യുവാവ് ഹൃദ്രോഗിയാണെന്നുമാണ് പൊലീസ് പറയുന്നത്. ഹൃദയാഘാതത്തെ തുടർന്നുള്ള മരണമാണെന്നും പൊലീസ് പറയുന്നു. നേരത്തെ, ഹൃദ്രാഗത്തിന് ചികിത്സ തേടിയിരുന്നതായി ഡോക്ടർമാരും പറയുന്നുണ്ട്. ക്ഷേത്ര ഉത്സവത്തിനിടയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടതാണ് യുവാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. യുവാവിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് കുഴഞ്ഞു വീണത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: