തൃശൂര്‍: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 32 ലക്ഷത്തിൽ അധികം രൂപ മോഷ്ടിച്ച ബ്രാഞ്ച് മാനേജർ പിടിയിൽ. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഗാന്ധിനഗറിലുള്ള എൽ ആൻഡ് ടി മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണമാണ് കള്ള താക്കോൽ ഉപയോഗിച്ച് മോഷ്ടിച്ചത്. സംഭവത്തിൽ എൽ ആൻഡ് ടി ഫൈനാൻസിൻ്റെ അരണാട്ടുകര ബ്രാഞ്ചിലെ മാനേജരായ അശോഷ് ജോയ്‌യെ (34) പൊലീസ് അറസ്റ്റു ചെയ്തു.
11നാണ് ലോക്കറിൽ നിന്ന് പണം നഷ്ടപ്പെടുന്നത്. തുടർന്ന് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിലാണ് അശോഷ് അറസ്റ്റിലാവുന്നത്. മോഷണം പോയ മുഴുവൻ തുകയും പൊലീസ് കണ്ടെടുത്തു. അറസ്റ്റിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ സുഹൃത്തിന്റെ പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്ന് കണ്ടെത്തിയത്.
മോഷണം നടത്തിയ ദിവസം തന്നെ മോഷ്ടിച്ച മുതലുകളും മറ്റും ഈ വീട്ടിൽ ഒളിപ്പിച്ച് വെക്കുകയായിരുന്നു. പ്രതി മോഷണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും ഹെൽമറ്റ്, ഷൂസ്, ലോക്കർ തുറക്കാൻ ഉപയോഗിച്ച താക്കോൽ എന്നിവയും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഗുരുവായൂർ ടെമ്പിൾ പൊലീസ് സബ് ഇൻസ്പെക്ടർ വി.പി. അഷ്റഫ്, സബ് ഇൻസ്പെക്ടർ കെ. ഗിരി, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരായ ജോബി ജോർജ്ജ്, സാജൻ, വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ മിനി, സിവിൽ പൊലീസ് ഓഫീസർ സരിൽ എന്നിവരാണ് അന്വേഷണം നടത്തിയത്

