തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങൾക്കിടെ എസ് ഐയെ ആക്രമിച്ചയാൾ അറസ്റ്റിൽ. വെള്ളൈക്കടവ് തോപ്പുമുക്ക് കുളുമല റിയാ നിവാസിൽ റിതു മാത്യു (29) വിനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച പുലർച്ചെയാണ് ഇയാൾ തിരുവനന്തപുരം നഗരത്തിൽ അക്രമാസക്തനാകുകയും തടയാനെത്തിയ പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്തത്. കന്റോൺമെന്റ് എസ് ഐ പ്രസൂൺ നമ്പിക്ക് ഇയാളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് റിതു മാത്യു സാഫല്യം കോംപ്ലക്സ് പാർക്കിംഗ് ഗ്രൗണ്ടിന് സമീപം അടിപിടിയിൽ ഏർപ്പെട്ടത്. വിവരമറിഞ്ഞ് കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി. പ്രതിയെ സ്ഥലത്തുനിന്നും കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ എസ് ഐയെ ആക്രമിക്കുകയായിരുന്നു. എസ് ഐയുടെ കാലിന്റെ കുഴ ചവിട്ടി ഒടിക്കുകയും കൈവിരൽ കടിച്ച് മുറിവേല്പിക്കുകയും ചെയ്തു. കാലിന് അടിയന്തര ശസ്ത്രക്രിയ നടത്തി. കൈവിരലിന് തുന്നലുണ്ട്. കൂടുതൽ പൊലീസെത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കരമനയിലും നേരത്തെ ഗുണ്ടാസംഘം പൊലീസിനെ അക്രമിച്ചിരുന്നു. ഈ സംഭവം നടന്ന് മാസങ്ങൾക്കിപ്പുറവും പ്രതികളെ പിടികൂടാനായിട്ടില്ല എന്ന് വിമർശനമുണ്ട്.

