Headlines

ചെഞ്ചുവപ്പില്‍ ചന്ദ്രന്‍ കാണാം; ‘ബ്ലഡ് മൂണ്‍’ ആകാശത്ത് എവിടെ, എപ്പോള്‍ ദൃശ്യമാകും എന്നറിയേണ്ടേ?



            

തിരുവനന്തപുരം : അത്യാകര്‍ഷകമായ ബഹിരാകാശ കാഴ്ചയ്‌ക്കൊരുങ്ങി ലോകം. 2025 മാർച്ച് 14ന് ആകാശത്ത് ‘രക്ത ചന്ദ്രന്‍’ അഥവാ ‘ബ്ലഡ്‌ മൂണ്‍’ ദൃശ്യമാകും. രക്ത ചന്ദ്രൻ എന്നാൽ ചുവന്ന നിറമുള്ള ചന്ദ്രൻ എന്നാണ് അർത്ഥം. പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തിൽ കാണുന്ന ചന്ദ്രബിംബമാണ് രക്ത ചന്ദ്രന്‍ എന്നറിയപ്പെടുന്നത്.

എന്താണ് ബ്ലഡ് മൂൺ?

ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ് ബ്ലഡ് മൂൺ എന്നറിയപ്പെടുന്നത്. കടും ചുവപ്പ് നിറം കൊണ്ടാണ് ഇതിനെ ബ്ലഡ് മൂൺ എന്ന് വിളിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിന്‍റെ സവിശേഷതകളാണ് ഇത്തരമൊരു കാഴ്ച ഇവിടെ നിന്ന് നോക്കുമ്പോള്‍ സൃഷ്ടിക്കുന്നത്. ഭൗമാന്തരീക്ഷത്തിൽ വച്ച് സൂര്യപ്രകാശത്തിനുണ്ടാകുന്ന അപവർത്തനം, വിസരണം എന്നീ പ്രവര്‍ത്തനങ്ങള്‍ രക്ത ചന്ദ്രന് കാരണമാകുന്നു. അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന പൊടി, വാതകം, മറ്റ് കണികകൾ എന്നിവ കാരണം ചുവന്ന രശ്മികളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. 

2025-ലെ ബ്ലഡ് മൂൺ എപ്പോൾ ദൃശ്യമാകും?

ഈ വർഷം മാർച്ച് 14ന് രക്ത ചന്ദ്രൻ 65 മിനിറ്റ് ദൃശ്യമാകും. മാർച്ച് 14ന് രാവിലെ 09:29ന് ചന്ദ്രഗ്രഹണം ആരംഭിച്ച് വൈകുന്നേരം 3:29ന് അവസാനിക്കും. അതേസമയം, മാർച്ച് 14ന് രാവിലെ 11:29 മുതൽ ഉച്ചയ്ക്ക് 1:01 വരെ ‘രക്ത ചന്ദ്രൻ’ ദൃശ്യമാകും. ഈ സമയത്ത് ചന്ദ്രൻ 65 മിനിറ്റ് ചുവപ്പ് നിറത്തിൽ പ്രത്യക്ഷപ്പെടും. സമയ മേഖല അനുസരിച്ച്, മാർച്ച് 13 രാത്രിയിലോ മാർച്ച് 14 പുലർച്ചെയോ ചന്ദ്രൻ ഭൂമിയുടെ നിഴലിലേക്ക് കടന്നുപോകുകയും ചുവപ്പായി മാറുന്നതായി കാണപ്പെടുകയും ചെയ്യും എന്നുമാണ് നാസ പറയുന്നത്.

2025-ലെ ബ്ലഡ് മൂൺ എവിടെ ദൃശ്യമാകും?

വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ജനങ്ങൾക്ക് ഈ പ്രതിഭാസത്തിന്‍റെ ഏറ്റവും മികച്ച കാഴ്ച കാണാൻ സാധിക്കും. നാസയുടെ അഭിപ്രായത്തിൽ, പടിഞ്ഞാറൻ അർദ്ധഗോളത്തിലെ മറ്റ് ചില പ്രദേശങ്ങളിലും തെളിഞ്ഞ ആകാശത്ത് ചന്ദ്രഗ്രഹണം ദൃശ്യമാകും. 2022 നവംബറിന് ശേഷമുള്ള ആദ്യ ബ്ലഡ്‌ മൂണാണ് വരാനിരിക്കുന്ന ചന്ദ്രഗ്രഹണം. എങ്കിലും, ആഗോള ജനസംഖ്യയുടെ 13 ശതമാനം പേർക്ക് മാത്രമേ ഈ ഗ്രഹണം കാണാൻ കഴിയൂ. ഓസ്‌ട്രേലിയ, യൂറോപ്പ്, ആഫ്രിക്കയുടെ ഭൂരിഭാഗവും, വടക്കൻ, തെക്കേ അമേരിക്ക, പസഫിക്, അറ്റ്ലാന്റിക് ആർട്ടിക് സമുദ്രം, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ നഗരങ്ങളിൽ ഇത് കാണപ്പെടും.

2025-ലെ രക്തചന്ദ്രൻ ഇന്ത്യയിൽ ദൃശ്യമാകുമോ?

ഇന്ത്യയിൽ ചന്ദ്രഗ്രഹണ സമയത്ത് പകൽ സമയമായിരിക്കും. അതിനാൽ രക്ത ചന്ദ്രന്‍റെ കാഴ്ച ഇന്ത്യയില്‍ ദൃശ്യമാകില്ല. എങ്കിലും നിരവധി യൂട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ള ചാനലുകൾ ഈ ആകാശ പ്രതിഭാസം തത്സമയം സംപ്രേക്ഷണം ചെയ്യും. അതുവഴി നിങ്ങൾക്ക് ഈ മനോഹരമായ ബ്ലഡ് മൂണ്‍ കാണാൻ കഴിയും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: