‘മാസ്ക് ധരിച്ച’ ബൈക്ക് പിടികൂടി മോട്ടോർ വാഹന വകുപ്പ്

മാസ്ക് ഉപയോഗിച്ച് മുന്നിലെയും പിന്നിലെയും രജിസ്ട്രേഷൻ‌ നമ്പർ മറച്ച ഇരുചക്രവാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഒപ്പം തന്നെ ഉണ്ടായിരുന്ന ഉടമയുടെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള രജിസ്ട്രേഷൻ‌ നമ്പർ വ്യക്തതയില്ലാതെ പ്രദർശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു വാഹനത്തിന്മേലും കേസെടുത്തു. പത്തനംതിട്ട
കുന്നന്താനം സ്വദേശികളായ വിദ്യാർത്ഥികളുടേതാണ് വാഹനങ്ങൾ. എ ഐ ക്യാമറയിൽ‌ നിന്ന് രക്ഷപ്പെടാനാണ് രജിസ്ട്രേഷൻ‌ നമ്പർ മറച്ചത് എന്നാണ് പ്രതികളുടെ കുറ്റസമ്മതം. രണ്ട് വാഹനങ്ങൾക്കും കൂടി ഇരുപതിനായിരത്തിനു മേൽ പിഴ ഈടാക്കുമെന്നും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റ് ഗുരുതര കുറ്റകൃത്യങ്ങളിൽ ഈ വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസ്, എക്സൈസ് എന്നീ വകുപ്പുകൾക്കും വിവരങ്ങൾ കൈമാറും.

ക്യാമറയിൽ പതിഞ്ഞിരുന്നെങ്കിൽ അഞ്ഞൂറ് രൂപയിൽ തീരുമായിരുന്നിടത്താണ് നിയമത്തെ കബളിപ്പിക്കാനുള്ള അതിസാമർത്ഥ്യം വിനയായത്. മോട്ടോർ വാഹനവകുപ്പ് പത്തനംതിട്ട എൻഫോഴ്സ്മെൻ്റ് വിഭാഗം ഇൻസ്പെക്ടർ അനീഷ് പി വിയുടെ നേതൃത്വത്തിൽ ഷമീർ എം, മനു വിശ്വനാഥ്, സ്വാതി ദേവ്, സാബു എസ് എന്നിവരടങ്ങിയ സംഘമാണ് ബൈക്കുകൾ പിടികൂടിയത്.

ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ രൂപമാറ്റം വരുത്തിയും സൈലൻസർ മാറ്റി വച്ചും കാതടപ്പിക്കുന്ന രീതിയിൽ ചീറിപ്പാഞ്ഞ നൂറോളം ബൈക്കുകളെ എൻഫോഴ്സ്മെൻ്റ് വിഭാഗം പിടികൂടുകയും മൂന്നര ലക്ഷം രൂപയോളം പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. സാധാരണഗതിയിൽ മോഷണം, അക്രമം, മയക്കുമരുന്ന് കടത്ത് പോലെയുള്ള സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്ന ആളുകളാണ് ഇത്തരത്തിൽ വാഹനത്തിന്റെ നമ്പർ മറച്ചും മാറ്റിയും വയ്ക്കുന്നതെന്നും വിദ്യാർത്ഥികളുൾപ്പടെയുള്ള യുവാക്കൾ ഗുരുതരകുറ്റകൃത്യങ്ങളിലേക്ക് വീഴുന്നത് ഒഴിവാക്കാൻ ഇത്തരത്തിലുള്ള നിയലംഘനങ്ങൾ വകുപ്പിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് പൊതുജനങ്ങൾ തയ്യാറാകണമെന്നും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു..

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: