ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തിപ്രാപിക്കുന്ന അധികാര തർക്കത്തിന് പരിഹാരം കാണാനാകാതെ ദേശീയ നേതൃത്വം. ഉപദേശവും വിരട്ടലുമൊന്നും കേരളത്തിലെ നേതാക്കളുടെയടുത്ത് വിലപ്പോവില്ലെന്ന് മനസ്സിലായതോടെ പ്രശ്ന പരിഹാരത്തിന് പുതുവഴികൾ തേടുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. കെപിസിസി നേതൃത്വത്തിൽ മാറ്റം വേണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ശക്തമായി ഉന്നയിച്ചതോടെ പ്രശ്നം കൂടുതൽ രൂക്ഷമാകുകയാണ്. അതേസമയം, അപമാനിച്ച് പറഞ്ഞയക്കാനാണ് നീക്കമെങ്കിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വ്യക്തമാക്കി കഴിഞ്ഞു.
2026ൽ അധികാര കസേര ലക്ഷ്യമിടുന്ന കേരളത്തിലെ കോൺഗ്രസിനെ ആദ്യം തിരുത്തിയത് മുൻ മുഖ്യമന്ത്രി എ.കെ ആന്റണിയാണ്. ആദ്യം 2025ലെ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയട്ടെ എന്നായിരുന്നു ശാസന. നേതാക്കൾ ഒന്ന് നന്നായോ എന്ന് രണ്ടാഴ്ച വെറുതേ തോന്നിപ്പിച്ചു. ഐക്യകാഹളം മുഴക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിന് പിന്നാലെ ഐക്യം കൂടുതൽ അകലെയായി. ഐക്യം വേണമെന്ന് പറഞ്ഞ യോഗത്തിൽ നേതാക്കൾ പരസ്പരം തല്ലുകൂടി. യോഗ വിവരങ്ങൾ പുറത്തു പോയത് ഐക്യത്തെ ബാധിച്ചു. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒന്നിച്ചൊരു വാർത്താസമ്മേളനം യോഗ തീരുമാനമായിരുന്നു. പിറ്റേദിവസം തന്നെ നടത്തുമെന്ന് പ്രഖ്യാപിച്ച വാർത്താ സമ്മേളനം ഇതുവരെയും നടത്താനായില്ല. ഇനിയെന്നെന്ന് നേതാക്കൾക്കും അറിയില്ല.
നേതാക്കളെ വിരട്ടാൻ നോക്കിയ ഹൈക്കമാൻഡ് ഇപ്പോൾ അയഞ്ഞ മട്ടാണ്. നിങ്ങൾ തന്നെ കാര്യങ്ങൾ തീരുമാനിക്കൂ എന്നതാണ് ലൈൻ. നേതാക്കളുടെ മനസ്സിലിരിപ്പ് അറിയാൻ കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നേരിട്ടിറങ്ങി. ഓരോരുത്തരെയും കണ്ട് അഭിപ്രായം ശേഖരിച്ചു. കണ്ടവർക്ക് ഓരോരുത്തർക്കും ഓരോന്നാണഭിപ്രായം.
ഒന്നര വർഷത്തിനുള്ളിൽ രണ്ട് തെരഞ്ഞെടുപ്പുകളെ നേരിടാൻ പാർട്ടിയെ സജ്ജമാക്കുക എന്നതാണ് ദേശീയ നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി. മാസങ്ങൾക്കുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമാകണം. അതു കഴിഞ്ഞാൽ പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് വരും. എന്നാൽ, ഇപ്പോഴും പരസ്പരം കണ്ടാൽ കടിച്ചുകീറാൻ നിൽക്കുന്ന നേതാക്കളുമായാണോ കേരളത്തിലെ അധികാരം പിടിക്കാൻ പോകുന്നത് എന്നതാണ് സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ ചോദ്യം
