കോട്ടയം: കോട്ടയം വാകത്താനത്ത് കഴിഞ്ഞ ദിവസം കാർ കത്തിയുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വാകത്താനം പാണ്ടൻചിറ സ്വദേശി ഓട്ടക്കുന്ന് വീട്ടിൽ സാബു (57) ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.
സാബുവിന്റെ ഐ10 കാറിനാണ് ഇന്നലെ തീപിടിച്ചത്. യാത്രകഴിഞ്ഞു വീടിനു സമീപമെത്തിയപ്പോൾ വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു. അഗ്നിബാധയിൽ കാർ പൂർണമായി കത്തിനശിച്ചിരുന്നു. കാറിൽ സാബു മാത്രമാണ് ഉണ്ടായിരുന്നത്. വീടിന് 20 മീറ്റർ അകലെ വച്ചായിരുന്നു ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചത്.