ചെന്നൈ: കിളമ്പാക്കത്ത് ബസ് കാത്ത് നില്‍ക്കുകയായിരുന്ന സ്ത്രീയെ ഓട്ടോറിക്ഷയില്‍ കയറ്റി പീഡനത്തിനിരയാക്കി. കുറ്റകൃത്യം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ബസ് കാത്ത് നിന്ന സ്ത്രീയുടെ മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തി യാത്ര വാഗ്ദാനം ചെയ്തു. അവര്‍ വിസമ്മതിച്ചപ്പോള്‍ സ്ത്രീയെ ഓട്ടോറിക്ഷയിലേയ്ക്ക് ബലാല്‍ക്കാരമായി വലിച്ചിടുകയായിരുന്നു. തുടര്‍ന്ന് ബൈക്കിലെത്തിയ രണ്ട് പേര്‍ കൂടി ഓട്ടോറിക്ഷയില്‍ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ഓട്ടോറിക്ഷയില്‍ നിന്ന് നിലവിളി കേട്ട വഴിയാത്രക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് പിന്തുടര്‍ന്നതിനാല്‍ പ്രതികള്‍ യുവതിയെ റോഡിലുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
അണ്ണാ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നടന്ന ലൈംഗിക അതിക്രമം വന്‍ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി ഒരു മാസത്തിന് ശേഷമാണ് പുതിയ സംഭവം. നടുക്കം രേഖപ്പെടുത്തിയ ബിജെപി നേതാവ് കെ അണ്ണാമലൈ തമിഴ്‌നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. തമിഴ്‌നാട്ടില്‍ ലൈംഗികാതിക്രമങ്ങള്‍ ഭയാനകമായ യാഥാര്‍ഥ്യമായി മാറിയെന്നും അണ്ണാമലൈ എക്‌സില്‍ കുറിച്ചു
