ബംഗളൂരു: ബംഗളുരുവിലെ കാടുഗോഡിയില്‍ അപ്പാർട്ട്മെന്റിന്റെ 20-ാം നിലയില്‍ നിന്ന് ചാടി പത്താം ക്ലാസുകാരി ജീവനൊടുക്കി.
ബുധനാഴ്ചയായിരുന്നു സംഭവം. പരീക്ഷ അടുത്തതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വീട്ടുകാർ വിലക്കിയതിനാലാണ് 15 വയസുകാരി ആത്മഹത്യ ചെയ്തത്. ബാംഗ്ലൂർ കാടുഗോഡി അസറ്റ് മാർക്ക് അപ്പാർട്ട്മെന്റില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകള്‍ അവന്തിക ചൗരസ്യ (15) യാണ് മരിച്ചത്.
വൈറ്റ്ഫീല്‍ഡിലെ സ്വകാര്യസ്കൂള്‍ വിദ്യാർഥിനിയാണ് മരിച്ച അവന്തിക. ഫെബ്രുവരി 15 ന് വാർഷിക പരീക്ഷകള്‍ ആരംഭിക്കാനിരിക്കെ, പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ കുട്ടിയുടെ അമ്മ അവളെ ശാസിക്കുകയും മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കരുതെന്നും വായനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതയായോ, മനംനൊന്തോ പെണ്‍കുട്ടി അപ്പാർട്ട്മെന്റിന്റെ 20-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
