കൊല്ലം : ഒരു സിനിമാ ഷൂട്ടിങ് പോലെ പ്രതിയെ പിന്തുടര്‍ന്ന് പോലീസ് ജീപ്പ്. രക്ഷപ്പെടാന്‍ പ്രതി ചാടിക്കയറിയ ഓട്ടോറിക്ഷയിലെ ഡ്രൈവറും പോലീസ്. മണിക്കൂറോളം നീണ്ട പരിശ്രമം. ഒടുവില്‍ ദൗത്യം വിജയം. വെസ്റ്റ് പോലീസിന് അഭിമാനനിമിഷം. സംഭവം ഇങ്ങനെ…
ഇരവിപുരം പോലീസ് 2019-ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി ജിജേഷാണ് ഇവിടെ വില്ലന്‍. അതിജീവിതയെത്തന്നെ വിവാഹംകഴിച്ച് ഒപ്പം താമസിച്ചുവരവേ ക്രൂരമായി മര്‍ദിച്ചു. അവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് കോടതിക്കു കൈമാറി.
കേസില്‍ പ്രതിയായ ജിജേഷ് ശനിയാഴ്ച രാവിലെ 11-ന് പോക്‌സോ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. കോടതിയിലെത്തിയ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിട്ടു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. പ്രസന്നയെ തള്ളിയിട്ടശേഷം കോടതിയില്‍നിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐ. സരിതയും ഡ്രൈവര്‍ ഷെമീറും പോലീസ് ജീപ്പില്‍ പിന്നാലെ പാഞ്ഞു. സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീലാലും ബിനു വിജയനും ബൈക്കില്‍ പ്രതിയെ തിരഞ്ഞിറങ്ങി.
ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ണനല്ലൂര്‍ ഭാഗത്ത് പ്രതിയുള്ളതായി അറിഞ്ഞു. കണ്ണനല്ലൂര്‍ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടാനുള്ള ശ്രമം തുടങ്ങി. ഇതിനിടെ ഡ്രൈവര്‍ ഷെമീര്‍ വേഷം മാറി ഓട്ടോറിക്ഷാ ഡ്രൈവറായി പ്രതിയെ പിന്തുടര്‍ന്നു. പോലീസ് ജീപ്പില്‍ പിന്തുടരുന്നെന്ന് മനസ്സിലാക്കിയ പ്രതി, പോലീസുകാരന്‍ ഷെമീര്‍ ഓടിച്ച ഓട്ടോറിക്ഷയില്‍ ചാടിക്കയറി. ഷെമീറിന്റെ സമയോചിത ഇടപെടലില്‍ പ്രതിയെ തടഞ്ഞുവെച്ചു.
ഇതിനിടെ പോലീസ് എത്തിയെങ്കിലും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മല്‍പ്പിടിത്തത്തിനിടെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര, കല്ലമ്പലം, ചാത്തന്നൂര്‍, പാരിപ്പള്ളി സ്റ്റേഷനുകളില്‍ ഇയാളുടെപേരില്‍ കേസുണ്ട്.
