കൊച്ചി: നടൻ ബാലയ്‌ക്കെതിരെ മുൻ ഭാര്യ അമൃത സുരേഷിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. വിവാഹ മോചന കേസിലെ കോടതി രേഖകളിൽ ബാല കൃത്രിമം കാണിച്ചെന്നാണ് പരാതി. വിവാഹമോചന കരാറിലെ കോംപ്രമൈസ് കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയിൽ പറയുന്നു. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ അമൃത നൽകിയ പരാതിയുടെ കേസ്.
കരാറിൻ്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇൻഷുറൻസിലും തിരിമറി കാണിച്ചു, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇൻഷുറൻസ് തുക പിൻവലിച്ചു, ബാങ്കിൽ മകൾക്കായി നിക്ഷേപിച്ചിരുന്നത് 15 ലക്ഷം പിൻവലിച്ചു, വ്യാജരേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ ഗുരുതരമായ പരാതികളാണ് അമൃത ബാലയ്ക്കെതിരെ നൽകിയത്. നേരത്തെ മാധ്യമങ്ങൾ വഴി തന്നെ അപകീർത്തിപ്പെടുത്തിയെന്ന അമൃതയുടെ പരാതിയിൽ ബാലയെ അറസ്റ്റ് ചെയ്തു. മകളുമായി ബന്ധപ്പെട്ട അടക്കം ബാല നടത്തിയ പരാമർശങ്ങൾ അറസ്റ്റിന് കാരണമായിരുന്നു. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസിലെ പ്രതികളായിരുന്നു.
വർഷങ്ങളായി ബാലയും മുൻ ഭാര്യയും തമ്മിലുള്ള തർക്കം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ഇരുവരുടെയും മകൾ സമൂഹമാധ്യമത്തിൽ പങ്കിട്ട വീഡിയോ ആണ് ആദ്യം തർക്കങ്ങൾ വഴിവച്ചത്. ബാലയെ കാണാനോ സംസാരിക്കാനോ താല്പര്യമില്ലെന്നായിരുന്നു മകൾ പറഞ്ഞത്. തൻ്റെ അമ്മയെ ഉപദ്രവിച്ചിരുന്നുവെന്നും മകൾ പറഞ്ഞു. പിന്നാലെ കുഞ്ഞിനെതിരെ വിമർശനങ്ങളും ഉയർന്നു. സമൂഹ മാധ്യമങ്ങളിൽ ബാലയും പ്രതികരണങ്ങളും പങ്കുവെച്ചു. തുടർന്ന് ബാലക്കെതിരെ മുൻഭാര്യയും രംഗത്തെത്തി. ഈ പ്രശ്നങ്ങളാണ് കഴിഞ്ഞ വർഷം ബാലയുടെ അറസ്റ്റിലേക്ക് എത്തിയത്. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ബാലയും അമൃതയും 2010ലാണ് വിവാഹിതരായത്. പിന്നീട് 2019ൽ വിവാഹമോചനം നേടുകയും ചെയ്തു.


