ജയ്‌പുർ: പരാതിക്കാരിയായ യുവതിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ. രാജസ്ഥാനിലാണ് സംഭവം. സങ്കാനെർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഭാഗ റാം (48) ആണ് അറസ്റ്റിലായത്. ഗർഭിണിയായ 32 വയസ്സുകാരിയെയാണ് ഇയാൾ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്തത്. യുവതിയുടെ പ്രായപൂർത്തിയാകാത്ത മകന് മുന്നിൽവെച്ചായിരുന്നു ഒരു പകൽ മുഴുവൻ ഇയാൾ യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.
അയൽക്കാരൻ മർദ്ദിച്ചെന്ന പരാതിയുമായാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. പിന്നീട് മൊഴിനൽകാൻ എത്തണമെന്നാവശ്യപ്പെട്ടാണ് ഭാഗ റാം യുവതിയെ സമീപിച്ചത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് പകരം ഇയാൾ യുവതിയെ ഒരു ഹോട്ടലിലേക്കാണ് കൂട്ടിക്കൊണ്ടുപേയത്.
ശനിയാഴ്ച രാവിലെയാണ് ഭാഗ റാം യുവതിയുടെ വീട്ടിലെത്തിയത്. അയൽവാസിക്കെതിരായ പരാതിയിൽ മൊഴി രേഖപ്പെടുത്താൻ തന്നോടൊപ്പം സ്റ്റേഷനിലേക്കു വരണമെന്നു യുവതിയോട് ആവശ്യപ്പെട്ടു. തുടർന്നു യുവതിയെയും മകനെയും സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനു പകരം ഹോട്ടലിലേക്കു കൊണ്ടുപോയി. അവിടെവച്ചു യുവതിയെ രാത്രിവരെ തുടർച്ചയായി ബലാത്സംഗം ചെയ്തു. പരാതി നൽകിയാൽ ജീവൻ അപകടത്തിലാക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
യുവതി അന്നു രാത്രി തന്നെ പൊലീസ് കമ്മിഷണർ ബിജു ജോർജ് ജോസഫിനെ കണ്ടു പരാതി നൽകുകയായിരുന്നു. പൊലീസുകാരനെതിരെ ബലാത്സംഗം, ബ്ലാക്ക്‌മെയിലിങ്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളിൽ കേസ് റജിസ്റ്റർ ചെയ്തു. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അഡീഷനൽ പൊലീസ് കമ്മിഷണർ വിനോദ് കുമാർ ശർമ പറഞ്ഞു.
