തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി നടത്തിവരുന്ന അധിക്ഷേപവും വിരട്ടലും അവസാനിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ നടപടി അങ്ങേയറ്റം അപലപനീയമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ). സിനിമയില്‍ പണ്ട് കൈയടി നേടിയ സൂപ്പര്‍ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാര്‍ഷ്ട്യവും ഭീഷണിയും മാധ്യമപ്രവര്‍ത്തകരോട് വേണ്ട. കേന്ദ്ര മന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാന്‍ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നതെന്നും KUWJ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
24 ന്യൂസ് റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദിനോട് അപമര്യാദയായി പെരുമാറിയതാണ് ഒടുവിലത്തെ സംഭവം. മുനമ്പം വിഷയത്തില്‍ പ്രതികരണം ചോദിച്ചപ്പോള്‍ ഒറ്റക്ക് വിളിച്ച് ശകാരിക്കാനും ഗണ്‍മാനെ കൊണ്ട് അത് ചിത്രീകരിച്ച് പ്രചരിപ്പിക്കാനുമായിരുന്നു ശ്രമം. മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അല്‍പമെങ്കിലും ബാക്കിനില്‍ക്കുന്നുവെങ്കില്‍ കേരളത്തിലെ പൊതുസമൂഹത്തോട് സുരേഷ് ഗോപി മാപ്പുപറയണം. സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകെന്റ നിന്ദ്യമായ സമീപനം തിരുത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി കേന്ദ്ര നേതൃത്വവും തയാറാവണം. അപഹാസ്യമായ ഈ നടന രാഷ്ട്രീയത്തിന് അറുതിവരുത്താന്‍ മാധ്യമ മാനേജ്‌മെന്റുകളും മുന്നിട്ടിറങ്ങി ശ്രമിക്കണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
കേന്ദ്ര മന്ത്രിയുടെ മോശപ്പെട്ട സമീപനത്തിനെതിരെ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്ന് കെയുഡബ്ല്യുജെ അറിയിച്ചു. ഇതുപ്രകാരം എന്ന് KUWJയുടെ എല്ലാ ജില്ലാ ഘടകങ്ങളും പ്രതിഷേധപരിപാടി നടത്തും. ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ. രാജഗോപാല്‍ പ്രതിഷേധം ഉദ്ഘാടനംചെയ്യും.
