Headlines

സംസ്ഥാന സർക്കാർ പുതിയ സിനിമാനയം രൂപപ്പെടുത്തുന്നു

കേരളത്തിലെ സിനിമാ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ പുതിയ സിനിമാനയം രൂപപ്പെടുത്തുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ്, ജി.എസ്.ടി. കൗൺസിൽ എന്നിവയുമായി കൂടിയാലോചിച്ച് സിനിമാ ടിക്കറ്റുകളിൽ ഈടാക്കുന്ന വിനോദനികുതി പൂർണമായും ഒഴിവാക്കാൻ സർക്കാർ അംഗീകരിച്ച സിനിമാനയത്തിൽ ശുപാർശ ചെയ്തിട്ടുണ്ട്. സിനിമാ സംഘടനകൾ ഏറെക്കാലമായി മുന്നോട്ടുവച്ചിരുന്ന ആവശ്യമാണ് ഇത്. ജി.എസ്.ടി. വിഹിതം തദ്ദേശ സ്ഥാപനങ്ങൾക്ക് നേരിട്ട് നൽകുന്നതിലൂടെ ഇരട്ട നികുതി ഒഴിവാക്കാനും നയത്തിൽ നിർദ്ദേശിക്കുന്നു.

സിനിമാ മേഖലയിൽ വനിതകൾക്ക് കൂടുതൽ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനും പുതിയ നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷിതമായ യാത്രയും താമസസൗകര്യവും ഒരുക്കേണ്ടത് നിർമാതാവിന്റെ ഉത്തരവാദിത്വമാണെന്ന് നയം വ്യക്തമാക്കുന്നു. കൂടാതെ വനിതകളും പട്ടികജാതി-വർഗ വിഭാഗങ്ങളും നിർമ്മിക്കുന്ന സിനിമകൾക്ക് പൊതുസബ്സിഡിയുടെ 20 ശതമാനം വിഹിതം നീക്കിവയ്ക്കണമെന്നും നിർദേശിക്കുന്നു.

വിവിധ കമ്മിറ്റികളിൽ കുറഞ്ഞത് 30 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഔദ്യോഗിക സ്ഥാനങ്ങൾക്ക് ലിംഗഭേദമില്ലാത്ത പദങ്ങൾ ഉപയോഗിക്കണമെന്നും നയം വ്യക്തമാക്കുന്നു.

സിനിമാ വ്യവസായത്തിന്റെ സമഗ്ര വികസനത്തിന് മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല കൗൺസിൽ രൂപീകരിക്കാനും നിർദേശമുണ്ട്. കൂടാതെ സ്കൂൾ പാഠ്യപദ്ധതിയിൽ ചലച്ചിത്ര പഠനം ഉൾപ്പെടുത്തുക, സിനിമയ്ക്കുള്ള സുരക്ഷാ പ്രോട്ടോകോൾ വെബ്‌സീരീസുകൾക്കും ടെലിവിഷൻ സീരിയലുകൾക്കും ബാധകമാക്കുക തുടങ്ങിയ ശുപാർശകളും അംഗീകരിച്ചിട്ടുണ്ട്.

ജസ്റ്റിസ് ഹേമാ കമ്മിറ്റി നൽകിയ നിർദേശങ്ങളും സിനിമാ സംഘടനകളുടെയും ചലച്ചിത്ര കോൺക്ലേവിന്റെയും അഭിപ്രായങ്ങളും പരിഗണിച്ചാണ് സർക്കാർ പുതിയ സിനിമാനയം അന്തിമരൂപം നൽകിയത്.

സിനിമാ വ്യവസായത്തിന്റെ വളർച്ചയും സിനിമാ പ്രവർത്തകരുടെ സുരക്ഷയും ഒരുപോലെ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ പുതിയ സിനിമാനയം, കേരളത്തിലെ ചലച്ചിത്ര മേഖലയ്ക്ക് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. വ്യവസായത്തിന്റെ പുരോഗതിക്കൊപ്പം സമത്വവും സുരക്ഷയും ഉറപ്പാക്കുന്ന നടപടികളാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: