മൃതദേഹങ്ങൾ  മാറി നൽകിയ സംഭവത്തിൽ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി 25 ലക്ഷം രൂപ  നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മൃതദേഹങ്ങൾ വീട്ടുകാർക്ക് മാറി നൽകിയ സംഭവത്തിൽ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി 25 ലക്ഷം രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വിധിച്ചു. ചികത്സയിലിരിക്കെ മരിച്ച പുരുഷോത്തമന്റെയും കാന്തി എന്നയാളുടേയും മൃതദേഹങ്ങൾ വീട്ടുകാർ നൽകിയതിൽ പിഴവ് സംഭവിക്കുകയായിരുന്നു.

നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

2009-ല്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ മരിച്ച കാന്തിയുടെ കുടുംബം പുരുഷോത്തമന്റെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. പുരുഷോത്തമന്റെ കുടുംബം മൃതദേഹം അന്വേഷിച്ച് എത്തിയപ്പോള്‍ കാന്തിയുടെ മൃതദേഹമായിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നത്.

അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ കഴിയാത്തത് ചൂണ്ടിക്കാട്ടി പുരുഷോത്തമന്റെ മക്കളായ ഡോ. പി.ആര്‍. ജയശ്രീയും പി.ആര്‍. റാണിയും സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചു. ആശുപത്രി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവ്. ഇതിനെതിരെ ആശുപത്രി നല്‍കിയ ഹര്‍ജിയില്‍ നഷ്ടപരിഹാരത്തുക ദേശീയ കമ്മിഷന്‍ അഞ്ചു ലക്ഷം രൂപയായി കുറച്ചു. പുരുഷോത്തമന്റെ സംസ്‌കാരം മതാചാര പ്രകാരം തന്നെ കാന്തിയുടെ കുടുംബം നടത്തിയെന്നും ചിതാഭസ്മം ബന്ധുക്കള്‍ക്ക് കൈമാറിയെന്നും ആയിരുന്നു ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

ഇതിനെതിരെയാണ് ഡോ പി.ആര്‍. ജയശ്രീയും പി.ആര്‍. റാണിയും സുപ്രീം കോടതിയെ സമീപിച്ചത്. ആശുപത്രിയുടെ അനാസ്ഥ കാരണം പുരുഷോത്തമന്റെ ബന്ധുക്കള്‍ക്ക് അന്ത്യസംസ്‌കാരം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അത് കടുത്ത മനോവിഷമത്തിന് ഇടയാക്കിയെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ് വാദിച്ചു. തുടര്‍ന്നാണ് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധിച്ച നഷ്ടപരിഹാരത്തുക പുരുഷോത്തമന്റെ കുടുംബത്തിന് നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷിന് പുറമെ അഭിഭാഷകന്‍ കാര്‍ത്തിക് അശോകും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: