ന്യൂഡൽഹി: ഉർദുവിനെ മുസ്ലിം ഭാഷയായി കണക്കാക്കുന്നത് യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടലെന്ന് സുപ്രീം കോടതി. രാജ്യത്തിന്റെ വൈവിധ്യം അംഗീകരിക്കാനുള്ള മടിയാണിതെന്ന് ജസ്റ്റിസുമാരായ സുധാംശു ധുലിയയും കെ വിനോദ് ചന്ദ്രനും പറഞ്ഞു. മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റിയിൽ ഉറുദുവിൽ സൈൻ ബോർഡ് സ്ഥാപിച്ചതിന് എതിരായ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി നിരീക്ഷണം.
ഭാഷ മതമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭാഷ സംസ്‌കാരമാണ്. ഒരു സമൂഹത്തിന്റെയും ജനതയുടെയും സാംസ്കാരിക മുന്നേറ്റത്തിന്റെ അളവുകോലാണിത്. ഗംഗാ യമുനാ സംസ്‌കാരത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഉർദു. അതു ഹിന്ദുസ്ഥാനി സംസ്‌കാരമാണ്. ഉത്തര, മധ്യ ഇന്ത്യൻ സമതലത്തിന്റെ സംസ്കൃതിയാണ് അതിൽ ഉൾച്ചേർന്നിട്ടുള്ളത്- കോടതി പറഞ്ഞു.
നാം നമ്മുടെ വൈവിധ്യത്തെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പലതരം ഭാഷകൾ കൂടി ഉൾക്കൊള്ളുന്നതാണ് ആ വൈവിധ്യമെന്ന് കോടതി വ്യക്തമാക്കി.
സൈൻ ബോർഡിൽ ഉർദു ഉൾപ്പെടുത്തുന്നതിന് എതിരെ മുൻ കൗൺസിലറാണ് കോടതിയെ സമീപിച്ചത്. മറാത്തിയിൽ മാത്രമേ ബോർഡ് എഴുതാവൂ എന്നായിരുന്നു ഹർജിയിലെ വാദം. ഉറുദു വിദേശ ഭാഷയാണെന്ന ചിന്തയിൽ നിന്നാണ് ഇത്തരമൊരു വാദം ഉയരുന്നതെന്ന് കോടതി പറഞ്ഞു. മറാത്തിയെയും ഹിന്ദിയെയും പോലെ ഉർദുവും ഇന്തോ ആര്യൻ ഭാഷയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ നാട്ടിൽ ഉണ്ടായ ഭാഷയാണത്.
ഉർദു വാക്കുകൾ ഒഴിവാക്കി, അല്ലെങ്കിൽ ഉർദുവിൽനിന്നുണ്ടായ വാക്കുകൾ ഒഴിവാക്കി ഒരാൾക്കു ഹിന്ദി സംസാരിക്കാനാവില്ല. പേഴ്സ്യൻ വാക്കായ ഹിന്ദാവിയിൽനിന്നാണ് ഹിന്ദി എന്ന വാക്കുണ്ടായത്. വിശുദ്ധി വാദക്കാരുടെ ഇടപെടലോടെയാണ് ഹിന്ദി, ഉർദു സംയോഗത്തിനു വിഘാത വന്നത്. അതോടെ ഹിന്ദി കൂടുതൽ സംസ്കൃതവും ഉർദു പേഴ്സ്യനും ആയെന്ന് കോടതി പറഞ്ഞു.