രാഷ്ട്രപതിക്കെതിരായ കേരളത്തിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും; ബില്ലുകൾ തടഞ്ഞുവച്ച നടപടി ഭരണഘടനാ വിരുദ്ധമെന്ന് കേരളം



ന്യൂഡൽഹി: രാഷ്ട്രപതിക്കെതിരെ കേരളം നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സംസ്ഥാന നിയമസഭ പാസാക്കിയ നാലു ബില്ലുകൾ തടഞ്ഞുവച്ച രാഷ്ട്രപതിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കേരളം സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാ സ്ഥാപനമായ രാഷ്ട്രപതിക്കെതിരായ സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീംകോടതി എന്ത് നിലപാട് സ്വീകരിക്കും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയും ടി പി രാമകൃഷണൻ എം.എൽ.എയുമാണ് ഹർജിക്കാർ. രാഷ്ട്രപതിയെ കൂടാതെ രാഷ്ട്രപതിയുടെ സെക്രട്ടറി, ഗവർണർ, കേന്ദ്ര സർക്കാർ എന്നിവരാണ് എതിർകക്ഷികൾ. അനുമതി നിഷേധിച്ച ബില്ലുകളിൽ രാഷ്ട്രപതിയും ഗവർണറും രേഖപ്പെടുത്തിയതെന്തെന്നറിയാൻ ഫയലുകൾ വിളിച്ചുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

നിയമസഭയിൽ പാസായ ബില്ലുകളിൽ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. രാഷ്ട്രപതിയെ കൂടാതെ രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവർണറെയും കക്ഷി ചേർത്താണ് റിട്ട് ഹർജി ഫയൽ ചെയ്തത്. ഗവർണർ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളിൽ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമർപ്പിച്ച ബില്ലുകളിൽ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഇത് വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനം ഹർജി നൽകിയിരിക്കുന്നത്.

ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലിൽ അടക്കം തീരുമാനം വന്നിട്ടില്ല. നേരത്തെ തന്നെ ഇതടക്കം ചില ബില്ലുകൾ തടഞ്ഞുവയ്ക്കപ്പെട്ടുവെന്ന വാദം ഉയർന്നിട്ടുള്ളതാണ്. ഇതിൽ ഭരണഘടനാ വിദഗ്ധരോടും അഭിഭാഷകരോടുമെല്ലാം ചർച്ച ചെയ്ത ശേഷമാണിപ്പോൾ സംസ്ഥാനം ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: