തിരുവനന്തപുരം: തുറന്നു വിടുന്നതിനിടെ പൊന്മുടിയിൽ വച്ച് മൂർഖന്റെ കടിയേറ്റ വനം വകുപ്പ് സർപ്പ ലൈസൻസ്ഡ് വൊളൻറിയർ പ്രശാന്ത് (ഷിബു-39) ചികിത്സയിലിരിക്കെ മെഡിക്കൽ കോളേജാശുപത്രിയിൽ മരിച്ചു. കരമന വാഴവിള സ്വദേശിയാണ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു ഷിബുവിന് കടിയേറ്റത്.
ഷിബുവും സഹപ്രവർത്തകനായ ബിജുവും പലയിടത്തുനിന്നായി രക്ഷപ്പെടുത്തിയ അണലിയും മൂർഖനും ഉൾപ്പെടെയുള്ള പാമ്പുകളുമായി പരുത്തിപ്പള്ളി റെയ്ഞ്ച് ആർ.ആർ.ടീമിനൊപ്പം പൊന്മുടിയിലെത്തി. പാമ്പിനെ തുറന്നുവിടാനായി ബാഗ് തുറന്നപ്പോഴാണ് ഷിബുവിന് കൈയ്യിൽ മൂർഖന്റെ കടിയേറ്റത്. സഹപ്രവർത്തകർ വിതുര താലൂക്കാശുപത്രിയിൽ എത്തിച്ച് ആൻറിവെനം നൽകിയെങ്കിലും നില വഷളായി.
മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ച ഷിബു വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഹൃദയാഘാതം മൂലമായിരുന്നു മരണം. ഭാര്യ: നിത്യ. മക്കൾ: റോബിൻ, റോഷിൻ

