പാലക്കാട്: ഓലപ്പുരയുടെ ചുവരിടിഞ്ഞു വീണ് നട്ടെല്ലിന് ക്ഷതമുള്ള യുവതിക്ക് തലയ്ക്ക് പരിക്കേറ്റു. കൊടുവായൂർ തേങ്കുറിശ്ശി വടുകത്തറ സജിത (36) യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഹോളോബ്രിക്സ് കൊണ്ടുള്ള ചുമർ ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
കട്ടിലിൽ കിടക്കുമ്പോഴാണ് സജിതയുടേ ദേഹത്തേക്ക് ചുമരിടിഞ്ഞ് വീണത്. ഹോളോബ്രിക്സ് കൊണ്ടുള്ള ചുമർ സജിത കിടക്കുകയായിരുന്ന കട്ടിലിലേക്ക് വീഴുകയായിരുന്നു. സജിതയുടെ നിലവിളികേട്ട് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രമേഷ് ഓടിയെത്തി. തല പൊട്ടി രക്തം ഒഴുകുന്ന നിലയിലാണ് രമേഷ് സജിതയെ കണ്ടത്. തുടർന്ന് ജില്ലാശുപത്രിയിലെത്തി തലയിൽ തുന്നലിട്ടു. കെട്ടിട നിർമ്മാണ തൊഴിലാളിയായ രമേഷ് 12 വർഷമായി ഓലപ്പുരയിലാണ് താമസിക്കുന്നത്.

