തൊടുപുഴ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ആള്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി തൂങ്ങാലയില്‍ ബൈജു ജോസ് (45) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ബൈജുവിന് ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ബൈജു.
22ന് ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. മറ്റ് അസുഖങ്ങള്‍ കൂടു ള്ളതിനാല്‍ മരണകാരണം ഡെങ്കിയാണോ എന്ന് ഉറപ്പിക്കാനാവില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി
ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കു വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.
മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. കണ്ണിനു പുറകിലെ വേദന ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടെന്ന് കുറയാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തില്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്.

