ഛണ്ഡിഗഡ്: ഹരിയാനയില്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. സ്വന്തം ഗ്രാമത്തിലെ മൂന്ന് യുവാക്കൾ ലൈംഗികമായി പീഡിപ്പിക്കുകയും അപമാനിച്ചതിനേയും തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് കുടുംബാംഗങ്ങളും പൊലീസും പറഞ്ഞു. ബുധനാഴ്ച ഹരിയാനയിലെ സോണിപഥിലാണ് ദാരുണമായ സംഭവം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതശരീരം തിരിച്ചറിഞ്ഞു. ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) മൃതദേഹം ഖാൻപൂർ കലാനിലെ ഭഗത് ഫൂൽ സിംഗ് മെഡിക്കൽ കോളേജിലേക്ക് അയച്ചു.
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, മൂന്ന് യുവാക്കൾക്കെതിരെ ലൈംഗികമായി പീഡിപ്പിച്ചതിനും ആത്മഹത്യയ്ക്ക് നിർബന്ധിച്ചതിനും കേസെടുത്തു. പ്രതികളിൽ ഒരാളായ തുഷാറിനെ ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഗന്നൗർ ജിആർപി ഇൻചാർജ് സുരേഷ് കുമാർ പറഞ്ഞു. ഐപിസി, പോക്സോ നിയമങ്ങൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്എച്ച്ഒ പറഞ്ഞു. എന്നാൽ ഇരയുടെ ആധാർ കാർഡ് അനുസരിച്ച് പെൺകുട്ടിക്ക് 18 വയസ്സായിരുന്നു, അതായത് കേസിൽ പോക്സോ നിയമം ബാധകമാകാനിടയില്ലെന്ന് സുരേഷ് കുമാർ വ്യക്തമാക്കി.
