Headlines

മരണവീട്ടിൽ മോഷണം; മാസ്ക് ധരിച്ചെത്തിയ യുവതി കവർന്നത് മൂന്ന് ലക്ഷത്തിന്റെ സ്വർണവും പണവും; അറസ്റ്റ്

പെരുമ്പാവൂർ: മരണവീട്ടിൽ മാസ്ക് ധരിച്ചെത്തി സ്വർണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റിൽ. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. സ്വര്‍ണവും പണവും ഉള്‍പ്പെടെ മൂന്നു ലക്ഷത്തിലേറെ രൂപയുടെ മുതലാണ് യുവതി മരണവീട്ടില്‍ നിന്നെടുത്ത്. കൊല്ലം പളളിത്തോട്ടം ഡോണ്‍ ബോസ്കോ നഗര്‍ സ്വദേശിനി റിന്‍സി എന്ന 29 വയസുകാരിയാണ് അറസ്റ്റിലായത്.

ഈ മാസം പത്തൊമ്പതാം തീയതി പെരുമ്പാവൂര്‍ ഒക്കലിലെ മരണ വീട്ടിലായിരുന്നു മോഷണം. ഈസ്റ്റ് ഒക്കല്‍ കൂനത്താന്‍ വീട്ടില്‍ പൗലോസിന്‍റെ മാതാവിന്‍റെ മരണാന്തര ചടങ്ങുകള്‍ക്കിടെയായിരുന്നു മോഷണം. പൗലോസിന്‍റെ സഹോദര ഭാര്യ ലിസ കട്ടിലിന് അടിയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നാണ് യുവതി സ്വര്‍ണവും പണവും കവര്‍ന്നത്. 45 ഗ്രാം സ്വര്‍ണാഭരണവും 90 കുവൈറ്റ് ദിനാറുമാണ് യുവതി കവര്‍ന്നത്.

മൃതദേഹം സംസ്കാരത്തിനായി കൊണ്ടു പോകുന്ന സമയത്തായിരുന്നു മോഷണം നടന്നത്. മുഖത്ത് മാസ്ക് ധരിച്ചാണ് യുവതി മരണ വീട്ടിലെത്തിയത്. മരണവീട്ടിലുളളവരുമായി യുവതിക്ക് ബന്ധമൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. കുടുംബവുമായി നേരിയ പരിചയം മാത്രമാണ് ഇവര്‍ക്കുളളതെന്നും പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു. കോടതി റിമാന്‍ഡ് ചെയ്ത യുവതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: