Headlines

പഴകിയ മത്സ്യം ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ വഴിയുണ്ട്;മാര്‍ഗ്ഗങ്ങള്‍ വിശദീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്





മലപ്പുറം:പഴകിയ മത്സ്യങ്ങള്‍ വാങ്ങി കഴിച്ച് ഇനി വയറു കേടാവാന്‍ നില്‍ക്കണ്ട. ഒറ്റനോട്ടത്തില്‍ തന്നെ ഏത് സാധാരണക്കാരനും മീനിന്റെ പഴക്കം നിശ്ചയിക്കാം. അതിനുള്ള വഴികളാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നത്. മായം കലര്‍ത്തിയ മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളെ പോലെ തന്നെയാണ് മത്സ്യവും. നിരവധി ഇടങ്ങളില്‍ ഇപ്പോഴും പഴകിയ മത്സ്യം പുതിയത് എന്നും പറഞ്ഞ് വില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവ എളുപ്പത്തില്‍ തിരിച്ചറിയാന്‍  മൂന്നു മാര്‍ഗ്ഗങ്ങളുണ്ട്. ഏതൊരു മീനിനെയും ദേഹത്ത് വിരല്‍ കൊണ്ട് ചെറുതായൊന്ന് അമര്‍ത്തിയാല്‍ കുഴിയുമെങ്കില്‍, ചെകിള ഇളക്കിയാല്‍ തവിട്ടു നിറത്തോടുകൂടിയ രക്തമാണ് കാണുന്നതെങ്കില്‍, കണ്ണിന് തിളക്കം നഷ്ടപ്പെട്ട് പാട കെട്ടിയ പോലെയാണെങ്കില്‍  തീര്‍ച്ചയായും അത് പഴകിയ മീന്‍ ആയിരിക്കും എന്നത്  നിശ്ചയം. ആര്‍ക്കും ഇത് എളുപ്പത്തില്‍ പരിശോധിച്ചു കണ്ടെത്താവുന്നതാണ്. മാത്രമല്ല മീനിന്റെ അളവിന് അനുസരിച്ചു കൃത്യമായ അളവില്‍ ഐസും ഉണ്ടായിരിക്കണം. കൃത്യമായി ഐസ് ഇട്ട മത്സ്യം മൂന്നോ നാലോ ദിവസം കഴിഞ്ഞാല്‍ തീര്‍ച്ചയായും അത് പഴക്കം ചെന്നതാണ് എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പറയുന്നു. മാത്രമല്ല, ഇവിടെ ചായപ്പൊടിയിലെ മായം കണ്ടെത്താനുള്ള വഴികളും അധികൃതര്‍ പങ്കുവെക്കുന്നുണ്ട്. ഒരു നുള്ള് ചായപ്പൊടി വെള്ളം നിറച്ച കുപ്പി ഗ്ലാസ്സില്‍ ഇട്ടാല്‍ തേയില നിറമിളകുന്ന രീതിയില്‍ പരന്നാല്‍ അത് ശുദ്ധമായ ചായപ്പൊടി അല്ല എന്ന് നിര്‍ണയിക്കാം. അല്ലെങ്കില്‍ ചെറുതായി വെള്ളം നനച്ച ടിഷ്യൂ പേപ്പറില്‍ ചായപ്പൊടി ഇട്ടാലും ഇതേ രീതിയില്‍ നിറം പടര്‍ന്ന് കിടക്കുന്നത് കാണാം. കാര്‍ട്രാസിന്‍,  ടാനിന്‍ പോലുള്ള സിന്തറ്റിക് കളറുകളാണ് ഇത്തരത്തില്‍ ചായപ്പൊടിയില്‍ ചേര്‍ക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: