പോസ്റ്റൽ വകുപ്പിന്റെ ഈ സർവീസുകൾ ഇനി വീട്ടിലുരുന്ന് തന്നെ ചെയ്യാം

പോസ്റ്റൽ വകുപ്പിന്റെ ഈ സർവീസുകൾ ഇനി വീട്ടിലുരുന്ന് തന്നെ ചെയ്യാം. രജിസ്‌ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ്, പാഴ്‌സൽ തുടങ്ങിയ സർവീസുകളാണ് വീട്ടിൽ ഇരുന്ന് തന്നെ ഇനി മുതൽ ബുക്ക് ചെയ്യാൻ സാധിക്കുക. ഇതിനായി തപാല്‍വകുപ്പിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്താൽ മതിയാകും.

ഏത് സർവീസാണോ ബുക്ക് ചെയുന്നത്, ആ സമയത്ത് തന്നെ ബന്ധപ്പെട്ട പോസ്റ്റ്മാന് സന്ദേശം ലഭിക്കും. പോസ്റ്റ്മാന്‍ വീട്ടിലെത്തി തപാല്‍ ഉരുപ്പടി ശേഖരിക്കും. തപാൽ വകുപ്പ് ഇതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ ഉടന്‍ തന്നെ നടപ്പിലാക്കും. പുതിയ സർവീസുകൾ നിലവില്‍ ഉപയോഗിക്കുന്ന ടിസിഎസിന്റെ സോഫ്റ്റ്വേര്‍ മാറ്റി തപാല്‍വകുപ്പു തന്നെ വികസിപ്പിച്ച സോഫ്റ്റ്വേര്‍ വരുന്നതോടെയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുക.

പുതിയ പരിഷ്‌കാരത്തോടെ രജിസ്‌ട്രേഡ് തപാല്‍ ഉരുപ്പടികള്‍ മേല്‍വിലാസക്കാരന്‍ കൈപ്പറ്റിയെന്നതിന്റെ തെളിവായി ഉള്‍പ്പെടുത്തുന്ന അക്‌നോളഡ്ജ്‌മെന്റ് കാര്‍ഡ് (മടക്ക രസീത്) ഇല്ലാതാകും. ഇതിന് പകരമായി 10 രൂപ വിലയുള്ള പ്രൂഫ് ഓഫ് ഡെലിവറി (പിഒഡി) നിലവിൽ വരും. നിലവില്‍ സ്പീഡ് പോസ്റ്റ് സർവീസിന് മാത്രമാണ് പിഒഡി ഉപയോഗിക്കുന്നത്. ഇതിനിടെ ഒരു മണിയോര്‍ഡര്‍ ഫോമില്‍ അയക്കാവുന്ന തുക 5000-ത്തില്‍ നിന്ന് പതിനായിരമായി ഉയർത്തിയിട്ടുണ്ട്.

തപാല്‍ ഉരുപ്പടികള്‍ എത്തിയതായുള്ള സന്ദേശം മേല്‍വിലാസക്കാരനും കൈമാറിയതായുള്ള സന്ദേശം അയച്ചയാള്‍ക്കും കൃത്യമായി ലഭിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനായി രണ്ടുപേരുടെയും മൊബൈല്‍ നമ്പര്‍ ഇനി മുതല്‍ നിർബന്ധമാക്കാനാണ് തീരുമാനം. കടലാസില്‍ ഒപ്പിട്ട് ഉരുപ്പടി കൈപ്പറ്റുന്ന രീതി ഡിജിറ്റില്‍ സിഗ്‌നേച്ചര്‍ സംവിധാനത്തിലേക്കും മാറും.തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്തില്ലെങ്കില്‍ ‘വീട്, ഗേറ്റ് അടച്ചിട്ടിരിക്കുന്നു’ തുടങ്ങിയ കാരണങ്ങള്‍ കാണിച്ചാല്‍ അതിന് തെളിവായി മേല്‍വിലാസക്കാരന്റെ അടഞ്ഞ വീടിന്റെ ഫോട്ടോ ഡെലിവറി സ്റ്റാഫ് ആപ്പിൽ അപ്ലോഡ് ചെയ്യണം. മേല്‍വിലാസക്കാരന്‍ ചുമതലപ്പെടുത്തിയ ആളാണ് ഉരുപ്പടി കൈപ്പറ്റുന്നതെങ്കില്‍ ആ ആളിന്റെ ഫോട്ടോയെടുക്കുന്ന രീതിയും വൈകാതെ തപാൽ വകുപ്പ് നടപ്പാക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: