കോഴിക്കോട്: റെഡ് മാരുതി സ്വിഫ്റ്റ് കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നു യുവാക്കൾ എക്സൈസ് പിടിയിൽ. കൊയിലാണ്ടി ചെമ്പനോട് സ്വദേശി സിദ്ദീഖ് ഇബ്രാഹിം (32) , വടകര മരുതോങ്കര സ്വദേശി റംസാദ് പിഎം (38), കൂത്താളി സ്വദേശി മുഹമ്മദ് അസ്ലം (28) എന്നിവർ ആണ് പിടിയിലായത്. നീലേശ്വരത്തുനിന്ന് പെരുമണ്ണയിലേക്ക് കാറിൽ ചാക്കിൽ 20 കിലോ കഞ്ചാവാണ് കടത്താൻ ശ്രമിച്ചത്.
പ്രതികൾ സഞ്ചരിച്ചിരുന്ന റെഡ് മാരുതി സ്വിഫ്റ്റ് കാറിൽ രണ്ട് ചാക്കിലായിട്ടാണ് കഞ്ചാവ് കണ്ടെത്തിയത്. കാസർകോട് നീലേശ്വരം സ്വദേശിയിൽ നിന്നും വാങ്ങിയ കഞ്ചാവ് കോഴിക്കോട് പെരുമണ്ണ സ്വദേശിക്ക് കൈമാറാനിരിക്കവെയാണ് പ്രതികൾ എക്സൈസ് സംഘത്തിൻറെ വലയിലായത്. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി രാജീവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടുകൂടിയാണ് പ്രതികളെ പിടികൂടിയത്.
കോഴിക്കോട് സിറ്റിയിലെ കഞ്ചാവ് കച്ചവടത്തിന്റെ പ്രധാന കണ്ണിയായ പെരുമണ്ണ സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ തുണിയിൽ നിന്നുമാണ് കഞ്ചാവ് കാസർകോഡ് എത്തിക്കുന്നതെന്നും അവിടുന്ന് കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കഞ്ചാവ് എത്തിക്കുന്നതിന്റെ സൂത്രധാരൻ കാസർകോഡ് നീലേശ്വരം സ്വദേശി ആണെന്നും സംശയിക്കുന്നതായി എക്സൈസ് വ്യക്തമാക്കി.
പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്തുമെന്ന് കോഴിക്കോട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ കെഎസ് സുരേഷ് അറിയിച്ചു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ബിൽജിത്ത്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ഹാരിസ് എം, സഹദേവൻ ടികെ, പ്രിവന്റീവ് ഓഫീസർമാരായ പ്രവീൺകുമാർ, ഷാജു സിപി, ജലാലുദ്ദീൻ.എൻ സിവിൽ എക്സൈസ് ഓഫീസർമാരായ രസൂണ്‍ കുമാർ, അഖിൽ.എ.എം , രജിൻ.എം.ഒ , സതീഷ്.പി.കെ, ജിത്തു , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിബിനീഷ്.എം.എം എന്നിവർ ഉണ്ടായിരുന്നു.

