മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ സ്കൂൾ മുറ്റത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ സ്കൂൾ മുറ്റത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ. വിങ്ങിപ്പൊട്ടുന്ന കൂട്ടുകാരുടെയും അധ്യാപകരുടെയും കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു. സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കി മൃതദേഹം അൽപസമയത്തിനുള്ളിൽ വിലാപയാത്രയായി ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലെത്തിക്കും.ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വീട്ടുവളപ്പിൽ മിഥുന്റെ സംസ്കാരം നടക്കും. വിദേശത്തായിരുന്ന അമ്മ സുജ രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തി.

സ്‌കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് മിഥുൻ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. തറയിൽ നിന്ന് ലൈനിലേക്കും സൈക്കിൾ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തിരുന്നു. സ്കൂൾ മാനേജരാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതായാണ് ഉത്തരവിൽ പറയുന്നത്. സീനിയർ അധ്യാപിക മോളിക്ക് പ്രധാനാധ്യാപികയുടെ പകരം ചുമതല നൽകി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: