ഗണേശോത്സവത്തിനിടെ 400 കിലോ ആര്‍ഡിഎക്‌സ് സ്‌ഫോടനം നടത്തുമെന്ന ഭീഷണി; പിന്നില്‍ പ്രമുഖ ജ്യോതിഷി ജെ അശ്വിനി കുമാര്‍ : അറസ്റ്റ് ചെയ്തു



മുംബൈ: ഗണേശോത്സവത്തിനിടെ മുംബൈയിലുടനീളം ചാവേര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയ 51 കാരന്‍ അറസ്റ്റില്‍.


മുംബൈ പൊലീസിനു ലഭിച്ച ഭീഷണി സന്ദേശത്തിന് പിന്നില്‍ അശ്വിനി കുമാര്‍ എന്നയാളാണെന്നു വ്യക്തമായി. ബിഹാറിലെ പട്ന സ്വദേശിയായ ജ്യോതിഷിയും വാസ്തു കണ്‍സള്‍ട്ടന്റുമാണ് അശ്വിനി കുമാര്‍. ഫിറോസ് എന്നയാളുടെ പേരിലാണ് ഭീഷണി സന്ദേശം അയച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുഹൃത്തായിരുന്ന ഫിറോസിനോടുള്ള വ്യക്തി വിരോധമാണ് ഇങ്ങനെയൊരു ഗൗരവമേറിയ കുറ്റകൃത്യത്തിന് അശ്വിനി കുമാറിനെ പ്രേരിപ്പിച്ചത്.

‘ലഷ്‌കര്‍-ഇ-ജിഹാദി’ എന്ന സംഘടനയുടെ പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ടാണ് അശ്വിനി കുമാര്‍ ഭീഷണി മുഴക്കിയത്. മുംബൈയിലുടനീളം ഡസന്‍ കണക്കിന് ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന വാട്സ്‌ആപ് സന്ദേശമാണ് മുംബൈ പൊലീസിന് ലഭിച്ചത്. 34 കാറുകളിലായി ചാവേര്‍ ബോംബുകളും 400 കിലോഗ്രാം ആര്‍ഡിഎക്‌സും സ്ഥാപിച്ചിട്ടുണ്ടെന്നാണ് അശ്വിനി കുമാര്‍ അവകാശപ്പെട്ടത്. ഇതേതുടര്‍ന്ന് മുംബൈ നഗരം കഴിഞ്ഞ ദിവസം മുതല്‍ അതീവ ജാഗ്രതയിലായിരുന്നു.

ഗണേശോത്സവം നാളെ സമാപിക്കാനിരിക്കെയാണ് നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സന്ദേശമെത്തിയത്. മുംബൈ ട്രാഫിക് പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്ബറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് അശ്വിനി കുമാറിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

മികച്ച കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് അശ്വിനി കുമാര്‍ വരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മാതാപിതാക്കള്‍ക്കൊപ്പം നോയിഡയിലെ സെക്ടര്‍ 79-ലാണ് ഇയാള്‍ താമസിക്കുന്നത്. അച്ഛന്‍ സുരേഷ് കുമാര്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ്. അമ്മ പ്രഭാവതി വീട്ടമ്മയാണ്.

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ അശ്വിനി കുമാര്‍ ഭാര്യ അര്‍ച്ചനയുമായി അകന്നു കഴിയുകയാണ്. ഇവരുമായി സാമ്ബത്തിക തര്‍ക്കങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു. ബീഹാര്‍ സ്വദേശിയായ സുഹൃത്ത് ഫിറോസ് പട്‌നയിലെ ഫുള്‍വാരി ഷെരീഫ് പൊലീസ് സ്റ്റേഷനില്‍ അശ്വിനി കുമാറിനെതിരെ 2023 ല്‍ കേസ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മൂന്ന് മാസം ഇയാള്‍ക്ക് ജയിലില്‍ കഴിയേണ്ടി വന്നു.

തീവ്രവാദ കേസില്‍ ഫിറോസിനെ കുടുക്കാന്‍ വേണ്ടിയാണ് ഇയാളുടെ പേരില്‍ അശ്വിനി കുമാര്‍ ഭീഷണി സന്ദേശം അയച്ചത്. ഏഴ് മൊബൈല്‍ ഫോണുകള്‍, മൂന്ന് സിം കാര്‍ഡുകള്‍, ആറ് മെമ്മറി കാര്‍ഡ് ഹോള്‍ഡറുകള്‍, രണ്ട് ഡിജിറ്റല്‍ കാര്‍ഡുകള്‍, മറ്റ് ഇലക്‌ട്രോണിക് വസ്തുക്കള്‍ എന്നിവ അറസ്റ്റിലായ അശ്വിനി കുമാറില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ മുംബൈയിലേക്ക് കൊണ്ടുപോയി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: