ഷാബ ഷെരീഫ് വധക്കേസില്‍ മൂന്ന് പേര്‍ കുറ്റക്കാര്‍; വിധി ശനിയാഴ്ച

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫ് വധക്കേസില്‍ മൂന്ന് പേര്‍ കുറ്റക്കാര്‍. ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫ്, രണ്ടാം പ്രതി ശിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവര്‍ കുറ്റക്കാരെന്ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷാ വിധി മറ്റന്നാൾ പ്രഖ്യാപിക്കും. ബാക്കിയുള്ള പ്രതികളെ കോടതി വെറുടെ വിട്ടു. മനപൂര്‍വ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ഒരു വര്‍ഷത്തോളം നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് കേസില്‍ കോടതി വിധി പറഞ്ഞത്.
ഷാബാ ഷെരീഫിനെ മൈസൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുവരാനും കൊലപാതകത്തിനും കൂട്ടു നിന്ന പ്രതികള്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ നടത്തിയ ആത്മഹത്യാ ശ്രമത്തിന് പിന്നാലെയാണ് നടക്കുന്ന കൊലപാതകത്തിന്റെ വാര്‍ത്ത പുറം ലോകമറിയുന്നത്. 2019 ഓഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം.

ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ വേണ്ടി നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്‍ അഷ്റഫിന്റെ സംഘം ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു വരികയായിരുന്നു. ഒരു വര്‍ഷത്തിലധികം മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചു. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഒരു വർഷം ചങ്ങലക്ക് ഇട്ടു പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്റെ രഹസ്യം പറയാൻ തയ്യാറായില്ല. പിന്നീട് ക്രൂര പീഡനത്തിന് ഒടുവിൽ ഷാബ ഷെരീഫ് കൊല്ലപ്പെടുകയായിരുന്നു. 2020 ഒക്ടോബറില്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ലഭിച്ച തല മുടി ഷാബ ഷെരീഫിന്റേതാണെന്ന മൈറ്റോകോണ്‍ട്രിയോ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതാണ് കേസിന് ബലമായത്. മ്യതദേഹമോ ശരീര ഭാഗങ്ങളോ കണ്ടെത്താനാവാത്ത കേസിൽ സംസ്ഥാനത്തെ ആദ്യത്തെ ശിക്ഷയാണ് ഇതെന്ന് പൊലീസ് പറഞ്ഞു.

വിചാരണയുടെ ഭാഗമായി എൺപത് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. കേസിന്റെ വിചാരണ നടക്കുമ്പോൾ തന്നെ മുൻപ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങൾ ഷൈബിൻ അഷ്റഫിന്റെ നിർദ്ദേശപ്രകാരം ആയിരുന്നുവെന്ന പരാതികളിൽ സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഷാബ ഷെരീഫ് കൊലക്കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിൽ നിന്ന് വധ ഭീഷണി ഉണ്ടെന്ന് പറഞ്ഞ് കൂട്ടു പ്രതികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സംഭവത്തിൽ നിന്നാണ് ക്രൂര കൊലപാതകത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. പിന്നീട് അന്വേഷണത്തിൽ കാര്യങ്ങൾ ഓരോന്നായി പുറത്തുവന്നു. നാട്ടുകാരോട് സൗമ്യനായി പെരുമാറിയിരുന്ന ഷൈബിൻ അഷ്റഫ് ചെയ്ത ക്രൂരതകൾ ഞെട്ടലോടെയാണ് മുക്കട്ടയിലെ ജനങ്ങൾ കേട്ടത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: