പത്തനംതിട്ട: പന്തളം കടയ്ക്കാട്ട് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ അടച്ചുപൂട്ടി ആരോഗ്യവിഭാഗം അധികൃതര്‍. കടയ്ക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഇതരസംസ്ഥാനക്കാർ നടത്തുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനയില്‍ കക്കൂസിലടക്കം ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചതായി കണ്ടെത്തി. പഴകിയ ഭക്ഷണവും ഹോട്ടലുകളില്‍നിന്ന് പിടിച്ചെടുത്തു.
നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് മൂന്ന് ഹോട്ടലുകളും പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കക്കൂസിനോട് ചേര്‍ന്നായിരുന്നു പാചകവും. മാലിന്യം ഒഴുക്കിവിട്ടിരുന്നത് സമീപത്തെ തോട്ടിലേക്കായിരുന്നു.
ഹോട്ടലുകള്‍ക്ക് നഗരസഭയുടെ ലൈസന്‍സും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ നടത്തിപ്പുകാര്‍ക്കെതിരേയും കെട്ടിട ഉടമകള്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.


