ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയില്‍ യുവതിയെ കൊന്ന് തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ പിതാവും മാതാവുമടക്കം മൂന്നുപേര്‍ അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവിന്റെ പിതാവ് കൃഷന്‍, മാതാവ് ദുലാരി, ബന്ധുവായ അജയ് എന്നിവരാണ് അറസ്റ്റിലായത്. ലഖ്നൗ സ്വദേശി രേഷ്മയാണ് കൊല്ലപ്പെട്ടത്. ബൈക്കിന്റെ മുന്‍വശത്ത് വെച്ചാണ് മൃതദേഹം ഉപേക്ഷിക്കാനായി കൊണ്ടുവന്നത്. പുറത്തുകറങ്ങാന്‍ പോയതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
രേഷ്മയെ കൊലപ്പെടുത്തിയതിനു ശേഷം കൃഷനും അജയ്‌യും ചേര്‍ന്ന് മൃതദേഹം ചാക്കില്‍ കയറ്റി തുണിയില്‍ പൊതിഞ്ഞ് ബൈക്കില്‍ കയറ്റുകയായിരുന്നു. ഫിറോസ്പൂര്‍ റോഡില്‍ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആരതി ചൗക്കിന് സമീപമെത്തിയപ്പോള്‍ ചാക്ക് റോഡിലേക്ക് വീണു. ഇതോടെ കിഷന്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ആദ്യം ചാക്ക് തിരികെ എടുത്ത് പോയ അജയ് വീണ്ടും ഇതേ സ്ഥലത്തെത്തി ഉപേക്ഷിക്കാന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട സമീപത്തെ തെരുവുകച്ചവടക്കാര്‍ മാലിന്യം ഉപേക്ഷിക്കുകയാണെന്ന് കരുതി അജയ്‌യെ തടഞ്ഞു. ചാക്കില്‍ ചീഞ്ഞ മാമ്പഴമാണെന്ന് അജയ് അവരോട് പറഞ്ഞു. എന്നാല്‍ ഇതുകണ്ടു നിന്നവരില്‍ ഒരാള്‍ ചാക്കില്‍ പിടിച്ചപ്പോള്‍ അതിനകത്ത് മനുഷ്യശരീരം പോലെ തോന്നി. ചോദ്യംചെയ്തതോടെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ ചാക്ക് തുറന്നുനോക്കിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തര്‍ക്കമുണ്ടായപ്പോള്‍ തന്നെ കണ്ടുനിന്നവര്‍ വീഡിയോ എടുത്തിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.